KOYILANDY DIARY

The Perfect News Portal

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ചു, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ചു, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കോഴിക്കോട്: പരപ്പനങ്ങാടി റൂട്ടിലെ സംസം ബസ് ഡ്രൈവര്‍ സുമേഷിൻ്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. കോഴിക്കോട് ഫറോക്ക് ജോയിൻ്റ് ആര്‍.ടി.ഒ ഓഫീസില്‍ ഹാജരായ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് ലൈസന്‍സ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിൻ്റെ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ ഒരാഴ്ച പങ്കെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബസ് ഓടിക്കുന്നതിനിടയിൽ സുമേഷ് ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ മൊബൈലിൽ പകർത്തുകയും തുടർന്ന് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തിരുന്നു. 7 കിലോ മീറ്ററിനിടയില്‍ എട്ട് തവണയാണ് ഡ്രൈവര്‍ ഫോണ്‍ ചെയ്തത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കുകയായിരുന്നു. വരും ദിവസങ്ങളില്‍  നിരത്തുകളില്‍ വാഹന പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. അസിസ്റ്റൻ്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്തിൻ്റെ അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ ജോയിൻ്റ് ആര്‍. ടി. ഒ താജു എ. ബക്കര്‍ ആണ് നടപടി എടുത്തത്.