KOYILANDY DIARY.COM

The Perfect News Portal

പോലീസും പത്രാസും അങ്ങ് ഓഫീസിൽ, നാട്ടിലെത്തിയാൽ തനി നാടൻ കർഷകൻ

കോഴിക്കോട്: പോലീസും പത്രാസും അങ്ങ് ഓഫീസിൽ, നാട്ടിലെത്തിയാൽ തനി നാടൻ കർഷകൻ ഇതാണ് ഒ.കെ സുരേഷിനെ വേറിട്ട് നിർത്തുന്നത്. അച്ഛൻ്റെ പാത പിന്തുടർന്ന് കൃഷിയിലേക്കിറങ്ങിയ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സിപിഒ (ഡ്രൈവർ) ഒ.കെ സുരേഷാണ് നാടിനും, പുതുതലമുറ കർഷകർക്കും വേറിട്ട മാതൃകയായിമാറിയിരിക്കുന്നത്. ജോലിത്തിരക്ക് കഴിഞ്ഞ് സുരേഷ് വീട്ടിലെത്തിയാൽ തോളിൽ ഒരു തോർത്തുമുണ്ടുമിട്ട് ചെറിയ പണിയായുധങ്ങളുമായി പറമ്പിലേക്ക് ഇറങ്ങുക പതിവാണ്. വർഷങ്ങളായി ചെറുതായി തുടങ്ങിയ കൃഷിയോടുള്ള പ്രേമം ഇന്ന് വലിയതോതിൽ വിപുലപ്പെട്ടിരിക്കുകയാണ്. നടുവത്തൂരിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇപ്പോൾ പച്ചപ്പ് വിരിയിച്ചിരിക്കുന്നത്.
എല്ലാ കൃഷിക്കും സ്വന്തമായി ജൈവ വളം ഉണ്ടാക്കിയാണ് കൃഷി ചെയ്യുന്നത് എന്ന പ്രത്യേകതകൂടിയുണ്ട് സുരേഷിൻ്റെ പച്ചക്കറികൾക്ക്. പച്ചക്കറികൾ, വാഴ, നെല്ല്, ഇതിനൊക്കെ വളമുണ്ടാക്കാൻ വീട്ടിൽ നൂറോളം കോഴിയും, പിന്നെ പശുവും. പച്ചക്കറികളിൽ തന്നെ രണ്ട് തരം ചീര, കക്കിരി, വെളളരി, ഇളവൻ, മത്തൻ, കയ്പ, പടവലം, പയർ, പച്ചമുളക്. എന്നിവയുമുണ്ട്. വിഷുവിന് കണക്കാക്കി കൃഷി ചെയ്ത കണിവെള്ളരി നല്ല വളർച്ചയിലാണിപ്പോൾ. വാഴയിൽ നേന്ത്രനും, റോബസ്റ്റയുമാണുള്ളത്.
അച്ഛന്റെ പാത പിന്തുടർന്നാണ് സുരേഷ് കൃഷിയിലേക്കിറങ്ങിയത്. കഴിഞ്ഞ എട്ട് വർഷമായി തോട്ടത്തിലുള്ള സുരേഷിനെ സഹായിക്കാൻ ഭാര്യയും അവരുടെ സഹോദരിയും മക്കളുമൊക്കെ രംഗത്തിറങ്ങാറുണ്ട്. ഇളയ മകൾ പഞ്ചായത്തിലെ മികച്ച കർഷക വിദ്യാർത്ഥിനിയായിരുന്നു. കൃഷിക്ക് വിനയാകുന്ന കീടങ്ങളെ തുരത്താനുള്ള സംവിധാനവും തോട്ടത്തിലുണ്ട്. കാണുമ്പോൾ ഒരു ബൾബ് പോലെ തോന്നിക്കുന്ന ഫെറമോൺ കെണിയാണ് അതിന് ഉപയോഗിക്കുന്നത്. സുഗന്ധം പരത്തുന്ന ഈ കെണിക്കുള്ളിലേക്കെത്തുന്ന കീടങ്ങൾ പാത്രത്തിനടിയിലെ വെള്ളത്തിൽ വീണ് ചാവും. എന്നാൽ അണ്ണാനോട് മാത്രമാണ് രക്ഷയില്ലാത്തത്. പയറുകൾ മൊത്തം നല്ല വൃത്തിയായി പൊളിച്ച് തിന്നു പോകും.
ഇതൊക്കെയാണെങ്കിലും സുരേഷും കുടുംബവും ഹാപ്പിയാണ്. നല്ല ശുദ്ധമായ പച്ചക്കറി കഴിക്കുന്നതോടൊപ്പം ചെറിയൊരു വരുമാന മാർഗ്ഗം കൂടിയാണിത്. തോട്ടത്തിൽ എത്തുന്ന ആവശ്യക്കാർക്കും വിപണിയിലും പച്ചക്കറികൾ വിൽക്കാറുണ്ട്. കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപം പൊലീസുകാർ ഇറക്കിയ നെൽകൃഷിക്കും പച്ചക്കറി കൃഷിക്കും നേതൃത്വം നൽകിയത് സുരേഷ് ആയിരുന്നു. സുരേഷിൻ്റെ പാത പിന്തുടർന്ന് നരവധിപേർ ഇപ്പോൾ രംഗത്തിറങ്ങുന്നതും നാടിന് വലിയ സന്തോഷമാണ് സമ്മാനിക്കുന്നത്.
Share news
error: Content is protected !!