KOYILANDY DIARY

The Perfect News Portal

സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവം: പ്രതി ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവം. പ്രതി ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. സോഷ്യൽ മീഡിയയിലൂടെയുള്ള സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌ത കേസിലെ പ്രതിയെ കാഞ്ഞങ്ങാട്ടെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതനല്ലൂർ മുണ്ടയ്‌ക്കൽ അരുൺ വിദ്യാധരനെ(32)യാണ് നോർത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്‌ജിൽ വ്യാഴം രാവിലെയോടെ മരിച്ച നിലയിൽ കണ്ടത്. മെയ് രണ്ടിനാണ് രാജേഷ് എന്ന കള്ള പേരിൽ ഇയാൾ മുറിയെടുത്തത്. ആദ്യം ഒരു ദിവസത്തേക്കാണ് മുറിയെടുത്തത്. പിന്നീട് ഒരു ദിവസം കൂടി ആവശ്യപ്പെട്ടു. വ്യാഴം രാവിലെ മുറി തുറക്കാതിരുന്നതോടെ ലോഡ്‌ജ് ജീവനക്കാരൻ ജനൽ വഴി നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു.


പൊലീസ് ജഡം പരിശോധിച്ചപ്പോഴാണ് കൈ ഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയതെന്ന് കണ്ടെത്തിയത്. മുറിയിൽ നിന്ന് വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് പകർപ്പ് എന്നിവ കിട്ടിയതോടെയാണ് തൂങ്ങി മരിച്ചത് പൊലീസ് അന്വേഷിക്കുന്ന കടുത്തുരുത്തിയിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. അരുണിന്റെ ബന്ധുക്കളും കടുത്തുരുത്തി പൊലീസും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ് മോർട്ടം ചെയ്യും.

Advertisements

കോതനല്ലൂർ വരകുകാലായിൽ മുരളീധരന്റെയും ജയയുടെയും ഇളയ മകൾ വി എം ആതിര(26)യാണ്  അരുണിന്റെ  സൈബർ ആക്രമണത്തെ തുടർന്ന് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. അരുണിനെതിരെ ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ഒളിവില്‍ പോവുകയായിരുന്നു. കോട്ടയത്തെ സോഫ്‌റ്റ് വെയർ കമ്പനിയിലെ ജീവനക്കാരിയായിരുന്നു മരിച്ച ആതിര. ആതിരയും അരുണും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇയാളുടെ സ്വഭാവ ദൂഷ്യത്തെ തുടർന്ന് രണ്ട് വർഷം മുൻപ് ആതിര അരുണുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്ന് ആതിരയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അരുൺ ആക്രമണം നടത്തിയിരുന്നു.

ആതിരയ്‌ക്ക് കഴിഞ്ഞ ഞായറാഴ്ച പാല സ്വദേശിയുടെ വിവാഹ ആലോചന വന്നിരുന്നു. ഇരുവീട്ടുകാർക്കും വിവാഹം നടത്തുന്നതിന് സമ്മതമായതോടെ തുടർ നടപടികളിലേക്ക് കടന്നു. ഇതറിഞ്ഞ അരുൺ ഫെയ്‌സ്‌ബുക്ക് വഴി ഇരുവരും തമ്മിലുള്ള വ്യക്തിപരമായ ചാറ്റ്, ഫോട്ടോ അടക്കമുള്ള വിവരങ്ങൾ പുറത്ത് വിടുകയുമായിരുന്നു. ഇതിനെ തുടർന്ന് ആതിരയും വീട്ടുകാരും ചേർന്ന് ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ് എച്ച് ഒ സജീവ് ചെറിയാൻ ഇടപെട്ട് അരുണിനെ വിളിക്കുകയും തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് പറയുകയും ചെയ്‌തിരുന്നു. ഇതിനുശേഷം രാത്രിയോടെ അരുൺ വീണ്ടും സോഷ്യൽ മീഡിയ വഴി സൈബർ ആക്രമണം തുടർന്നു. ഇതിൽ മാനസിക വിഷമത്തിലായിരുന്ന ആതിര തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടുത്തുരുത്തി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മണിപ്പൂരിൽ സബ് കളക്‌ടറായി ജോലി ചെയ്യുന്ന മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസിന്റെ ഭാര്യയുടെ സഹോദരിയാണ് മരിച്ച ആതിര. ഇദ്ദേഹം കൂടി പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ആതിരയുടെ ആത്മഹത്യ നടന്നത്.