പന്തീരാങ്കാവിൽ സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസ്; പ്രതി ഷിബിൻ ലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി ഷിബിൻ ലാലിൽ നിന്ന് കണ്ടെത്തിയത് 55,000 രൂപ. ബാക്കി പണം പ്രതി ആർക്ക് നൽകിയെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് പന്തിരാങ്കാവ് സി ഐ ഷാജൂ കെ പറഞ്ഞു. പാലക്കാട് നിന്ന് പിടികൂടിയ പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പന്തിരാങ്കാവ് സ്റ്റേഷനിൽ എത്തിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പാലക്കാട് വെച്ചാണ് പ്രതിയായ പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാൽ പൊലീസിന്റെ പിടിയിലായത്. ബസ്സിൽ സഞ്ചരിക്കവെയാണ് പ്രതി പൊലീസ് പിടിയിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിൽ ഷിബിൻ ലാൽ വലയിലായി. കവർച്ചക്കായി ഉപയോഗിച്ച ഇരുചക്ര വാഹനം ഉപേക്ഷിച്ച പ്രതി തൃശ്ശൂരിലേക്കാണ് ആദ്യം പോയത്. പിന്നീട് പാലക്കാട്ടേക്ക് പോവുകയായിരുന്നു.

തനിക്ക് ഒരു ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും അതിൽ 50,000 രൂപ ചെലവാക്കിയെന്നും ബാക്കി തുക കയ്യിലുണ്ടെന്നുമായിരുന്നു പ്രതിയുടെ ആദ്യ മൊഴി. ഇയാളുടെ കയ്യിൽ നിന്നും നിന്ന് 55,000 രൂപയാണ് കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരിൽ നിന്നും തട്ടിയെടുത്ത ബാഗ് കണ്ടെത്തിയിട്ടില്ല. ബാക്കി തുക ആർക്ക് ആണ് കൈമാറി എന്ന് അന്വേഷിക്കുമെന്നും പന്തീരാങ്കാവ് സി ഐ ഷാജു കെ പറഞ്ഞു.

ബാങ്കിൽ പണയംവെച്ച സ്വർണം എടുക്കാനെന്ന വ്യാജ കഥയുണ്ടാക്കിയാണ് ഷിബിൻ ലാൽ ഇസാഫിനെ സമീപിച്ചതും പണം കവർച്ച നടത്തിയതും. ഒളവണ്ണ സർവീസ് സഹകരണ ബാങ്കിൽ ഷിബിൻലാൽ പണയംവെച്ചെന്നു പറഞ്ഞ സ്വർണം തിരികെയെടുത്ത് ഇസാഫിലേക്ക് മാറ്റാനാണ് 40 ലക്ഷം രൂപയുമായി ഇസാഫ് ജീവനക്കാർ എത്തിയത്. പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് പ്രതി രക്ഷപ്പെടുയായിരുന്നു.

ധനകാര്യസ്ഥാപനത്തിനു മുമ്പിൽ കാർ നിർത്തി പണം ഷിബിൻലാലിന് കൈമാറാനായി കാറിൽനിന്ന് പണം പുറത്തെടുത്തപ്പോൾ തട്ടിപ്പറിച്ചോടിയെന്നാണ് ബാങ്ക് ജീവനക്കാരൻ പൊലീസിന് നൽകിയ മൊഴി. ഷിബിൻ ലാലിന്റെ പേരിൽ മറ്റു കേസുകൾ ഒന്നും ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
