KOYILANDY DIARY

The Perfect News Portal

പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ കേരളത്തിൽ പഴുതടച്ച സംവിധാനം

തിരുവനന്തപുരം: പകർച്ചവ്യാധികൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാനും ചികിത്സയൊരുക്കാനും കേരളത്തിലുള്ളത്‌ പഴുതടച്ച സംവിധാനം. 2018ലെ ആദ്യ നിപാ സ്ഥിരീകരണത്തിനു പിന്നാലെയാണ്‌ നിരന്തര നിരീക്ഷണത്തിനുള്ള സൗകര്യങ്ങൾ സർക്കാർ സജ്ജമാക്കിയത്‌. ജപ്പാൻജ്വരം (അക്യൂട്ട്‌ എൻസഫലിറ്റിസ്‌ സിൻഡ്രോം-എഇഎസ്‌), ശ്വാസകോശ സംബന്ധിയായ അക്യൂട്ട്‌ റെസ്‌പിറേറ്ററി ഡിസ്‌ട്രസ്‌ സിൻഡ്രോം (എആർഡിഎസ്‌) എന്നിവ ബാധിക്കുന്നവരിൽ നിരീക്ഷണം ശക്തമാണ്‌. ഇപ്പോൾ കോഴിക്കോട്ടുണ്ടായ അസ്വാഭാവിക മരണങ്ങൾ നിപാ കാരണമാകാമെന്ന്‌ നേരത്തെ നിഗമനത്തിലെത്തിയതും ഇത്തരം പരിശോധനയിലൂടെ.

2019ൽ എറണാകുളത്തും 2021ൽ വീണ്ടും കോഴിക്കോട്ടും നിപാ സ്ഥിരീകരിച്ചപ്പോൾ പടരാതെ ഒരാളിൽമാത്രം ഒതുക്കാനും ആരോഗ്യവകുപ്പിനായി. തദ്ദേശം, പൊലീസ്‌, മൃഗസംരക്ഷണം അടക്കമുള്ള വകുപ്പുകളുടെ സഹകരണവും ഇതിനുണ്ടായി. നിപാ 2018ൽ 17 പേരുടെ ജീവനെടുത്തപ്പോൾ 2019ൽ ഒരു മരണംപോലുമില്ലാതെ തടയാനായി. നിപാ സ്ഥിരീകരിക്കാത്ത 2022ലും എഇഎസ്‌/ എആർഡിഎസ്‌ ബാധിച്ചവരുടെ 216 സാമ്പിൾ പ്രത്യേക പരിശോധനയ്ക്ക്‌ അയച്ചു. ഇവയിൽ 35 സാമ്പിൾ നിപാ രോഗനിർണയത്തിന്‌ മാത്രമായിരുന്നു. 

Advertisements

നിപാ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിആർഡിഎൽ ലാബ് 2021  സെപ്തംബർമുതൽ പ്രവർത്തിക്കുന്നു. എറണാകുളം വരെയുള്ള ജില്ലകളിലെ സാമ്പിളുകൾ ഇവിടെ പരിശോധിക്കും. പുറമെ ആലപ്പുഴ എൻഐവിയും തിരുവനന്തപുരം തോന്നയ്ക്കൽ എൻഐവിയും പരിശോധനയ്‌ക്ക്‌ സജ്ജമാണ്‌. ചികിത്സയ്ക്ക്‌ പ്രത്യേക മാർഗനിർദേശം പ്രസിദ്ധീകരിച്ചു. 2022ൽ രണ്ടുതവണ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നിപാ സംബന്ധിച്ച ശിൽപ്പശാല സംഘടിപ്പിച്ചു.

Advertisements

എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 കിടക്കവീതമുള്ള ഐസൊലേഷൻ വാർഡുകൾക്ക്‌ 636.5 കോടി രൂപ വകയിരുത്തി. ഇത്തരത്തിൽ കേരളം മുന്നേറുമ്പോഴാണ്‌ പ്രതിരോധം പാളിയെന്ന വ്യാജപ്രചാരണത്തിന്‌ പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്‌.