KOYILANDY DIARY.COM

The Perfect News Portal

ബൈക്ക് അപകടത്തില്‍പ്പെട്ട്: ചികിത്സ കിട്ടാതെ പൊലീസുകാരന്‍ മരണത്തിന് കീഴടങ്ങി

വിതുര:  അര്‍ധരാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ ബൈക്ക് അപകടത്തില്‍പ്പെട്ടു. ചോരയൊലിപ്പിച്ച്‌ റോഡരികില്‍ കിടന്നത് മണിക്കൂറുകളോളം, ഒടുവില്‍ ചികിത്സ കിട്ടാതെ പൊലീസുകാരന്‍ മരണത്തിന് കീഴടങ്ങി. വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പറണ്ടോട് കീഴ്പാലൂര്‍ കോളനിയില്‍ എസ് സന്തോഷ് കുമാറാണ്(40) ദാരുണമായി മരിച്ചത്.

രാവിലെ റബ്ബര്‍ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് സന്തോഷ് കുമാറിനെ ആശുപത്രിയിലെത്തിക്കുന്നത്. ജീവനുണ്ടായിരുന്നുവെങ്കിലും വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി. ഒരു മണിക്കു പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് പത്തുകിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കുള്ള യാത്രയില്‍ നാലു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടം. ദര്‍പ്പ പാലത്തിനു സമീപം കൊടും വളവില്‍ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം.

രാവിലെ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് അപകടവിവരം ആദ്യമറിയുന്നത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്യൂട്ടിക്കു ശേഷം രാവിലെ മാത്രമേ വീട്ടിലെത്തൂ എന്ന് അറിയിച്ചിരുന്നതിനാല്‍ വീട്ടുകാരും രാത്രി അന്വേഷിച്ചിരുന്നില്ല.

പക്ഷേ സന്തോഷ് രാത്രി തന്നെ പുറപ്പെടുകയും അപകടത്തില്‍പ്പെടുകയുമായിരുന്നു. ശ്രീജയാണ് ഭാര്യ. മക്കള്‍ ദേവിക, ഭൂമിക, ശ്രീക്കുട്ടന്‍. മൃതദേഹം വിതുര പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!