ഒന്നാം ക്ലാസുകാരന്റെ ജീവന് രക്ഷിച്ച പ്രജിത്തിന്റെ ധീരതയ്ക്ക് ആദിശങ്കരയുടെ സ്നേഹോപഹാരം

കാലടി: ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ജീവന് രക്ഷിച്ച പ്രജിത്തിന് ഉപരിപഠനത്തിനു അവസരമൊരുക്കി ആദിശങ്കര ട്രസ്റ്റ്. മാണിക്കമംഗലം സ്വദേശിയായ പ്രജിത്തിനാണ് ആദിശങ്കര ട്രസ്റ്റ് അവരുടെ കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുന്നത്. 2017 ജൂണ്‍ 14 ന് മാണിക്കമംഗലം തുറയില്‍ കാല്‍വഴുതി വീണ ഒന്നാം ക്ലാസ് വിദ്യാര്‍ഥി കണ്ണനെ അതിസാഹസികമായി പ്രജിത്ത് രക്ഷപ്പെടുത്തിയിരുന്നു. പ്രജിത്തിന്റെ ഈ ധീരതയ്ക്കുള്ള അംഗീകാരമായാണ് ആ വര്‍ഷത്തില്‍ തന്നെ ട്രസ്റ്റ് അവരുടെ സ്ഥാപനങ്ങളില്‍ ഉപരി വിദ്യാഭ്യാസത്തിനുള്ള വാഗ്ദാനം നല്‍കിയത്.
ഇതേത്തുടര്‍ന്ന് പത്താം ക്ലാസ് കഴിഞ്ഞതോടെ പ്രജിത്ത് ശ്രീശാരദ വിദ്യാലയത്തില്‍ ഉപരി പഠനത്തിനു തുടക്കം കുറിച്ചു. 2017 ജൂണില്‍ തുറയുടെ അടുത്ത് കളിച്ചു കൊണ്ടിരുന്നപ്പോള്‍ കണ്ണന് കാല്‍വഴുതി വെളളത്തില്‍ വീഴുകയായിരുന്നു. തുറയുടെ ഒരു വശത്ത് കളിച്ചു കൊണ്ടിരുന്ന കൊച്ചുകുട്ടികള്‍ കണ്ണന് വെളളത്തില്‍ മുങ്ങിത്താഴുന്നതുകണ്ട് ബഹളം വച്ചു. ഇത് കേട്ട് ഓടിയെത്തിയ പ്രജിത്ത് മറ്റൊന്നും ആലോചിക്കാതെ ആഴമേറിയ തുറയിലേക്ക് എടുത്തുചാടി കണ്ണനെ കരയ്ക്കടുപ്പിക്കുകയായിരുന്നു. നിര്‍ധനായ പ്രജിത്തിന്റെ ധീരതയെ അഭിനന്ദിച്ച് ആദിശങ്കര ട്രസ്റ്റിനു കീഴിലുളള വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി മുതലുളള ഉപരിപഠനം സൗജന്യമായി ഏറ്റെടുത്തിരിക്കുകയായിരുന്നു.

ശ്രീ ശാരദ വിദ്യാലയത്തില്‍ ഉപരിപഠനത്തിനു ചേര്‍ന്ന പ്രജിത്തിനെ ആദിശങ്കര മനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് പുസ്തകങ്ങള്‍ നല്കി സ്വീകരിച്ചു. ആദിശങ്കര ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ പ്രഫ. സി.പി. ജയശങ്കര്‍, പ്രിന്‍സിപ്പാള്‍ മഞ്ജുഷ വിശ്വനാഥ് എന്നിവര്‍ പ്രജിത്തിനെ അനുമോദിച്ചു. പ്ലസ് വണിന് കൊമേഴ്സ് ഐപിയിലാണ് പ്രജിത്ത് ചേര്‍ന്നിരിക്കുന്നത്. ആദിശങ്കര എന്‍ജിനിയറിംഗ് കോളജ്, ശ്രീശങ്കര കോളജ്, ആദിശങ്കര ട്രെയിനിംഗ് കോളജ് എന്നിവ ആദിശങ്കര ട്രസ്റ്റിന് കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപങ്ങളാണ്. തുടര്‍ന്നുളള ഉപരിപഠനം എവിടെ വേണമെന്ന് പ്രജിത്തിന് തെരഞ്ഞെടുക്കാം. മാണിക്കമംഗലം ചന്ദ്രവിഹാര്‍ പ്രദീപ് – ശ്രീജ ദന്പതികളുടെ മകനാണ് പ്രജിത്ത്.

