KOYILANDY DIARY.COM

The Perfect News Portal

13-ാമത് കേരള സാഹിത്യോത്സവ് അവാര്‍ഡ് ടി ടി ശ്രീകുമാറിന്

.

കോഴിക്കോട്: 13-ാംമത് കേരള സാഹിത്യോത്സവ് അവാര്‍ഡ് പ്രമുഖ എഴുത്തുകാരനും മാധ്യമ നിരീക്ഷകനുമായ പ്രൊഫ ടി ടി ശ്രീകുമാറിന്. മലയാള സാഹിത്യത്തിനും സാമൂഹിക-സാംസ്‌കാരിക വിമര്‍ശന രംഗത്തും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അന്‍പതിനായിരത്തി ഒന്ന് രൂപയും പ്രത്യേകം രൂപ കല്‍പ്പന ചെയ്ത ശിലാഫലകവുമാണ് പുരസ്‌കാരം. കവി കെ സച്ചിദാനന്ദന്‍ ജൂറി ചെയര്‍മാനായ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

 

എഴുത്തുകാരായ ടി ഡി രാമകൃഷ്ണന്‍, പി എന്‍ ഗോപീകൃഷ്ണന്‍, രിസാല മാനേജിംഗ് എഡിറ്റര്‍ സി എന്‍ ജാഫര്‍ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍. മലയാളത്തിലെ സാംസ്‌കാരിക ചിന്തകളെയും ആധുനികതയെയും കുറിച്ചുള്ള വേറിട്ട നിരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ടി ടി ശ്രീകുമാര്‍. സാങ്കേതികവിദ്യ, രാഷ്ട്രീയം, വികസനം, സംസ്‌കാരം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും മലയാള വൈജ്ഞാനിക സാഹിത്യ ശാഖയ്ക്ക് വിലപ്പെട്ട സംഭാവനകളാണ് നല്‍കിയത്.

 

മലയാളിയുടെ ആധുനികതയെയും സാംസ്‌കാരിക ചരിത്രത്തെയും നവഭാവുകത്വത്തോടെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച അദ്ദേഹം ഡിജിറ്റല്‍ യുഗത്തിലെ രാഷ്ട്രീയവും സാങ്കേതികവിദ്യയുടെ സാംസ്‌കാരിക പ്രത്യാഘാതങ്ങളും വിശകലനം ചെയ്യുന്ന പ്രബന്ധങ്ങളിലൂടെ സമകാലിക ലോകത്തെ സര്‍ഗാത്മകമായി സംബോധന ചെയ്തുവെന്ന് ജൂറി വിലയിരുത്തി.

സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിന് വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സാഹിത്യോത്സവ് അവാര്‍ഡ് നല്‍കി വരുന്നത്. ബാലകൃഷ്ണന്‍ വള്ളിക്കുന്ന് (2012), പോക്കര്‍ കടലുണ്ടി (2013), തോപ്പില്‍ മുഹമ്മദ് മീരാന്‍ (2014), എം എ റഹ്‌മാന്‍ (2015), വീരാന്‍കുട്ടി (2016), കെ പി രാമനുണ്ണി (2017), പി സുരേന്ദ്രന്‍ (2018), സച്ചിദാനന്ദന്‍ (2019), എന്‍ എസ് മാധവന്‍ (2022), ഡോ ശശി തരൂര്‍ (2023), പി എന്‍ ഗോപി കൃഷ്ണന്‍ (2024), ടി ഡി രാമകൃഷ്ണന്‍ (2025) തുടങ്ങിയവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം നല്‍കിയത്.

 

ജൂലൈ 25ന് ആലപ്പുഴയില്‍ വെച്ച് നടക്കുന്ന കേരള സാഹിത്യോത്സവ് വേദിയില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം അവാര്‍ഡ് കൈമാറും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പരന്‍ജോയ് ഗുഹ താക്കുര്‍ത, കന്നഡ കവി കമലാകര്‍ ഭട്ട്, കെ പി രാമനുണ്ണി, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍, ജനറല്‍ സെക്രട്ടറി ഡോ അബൂബക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

Share news
error: Content is protected !!