KOYILANDY DIARY.COM

The Perfect News Portal

ദുരന്തബാധിതർക്ക് കൈത്താങ്ങ്; ടൗൺഷിപ്പിനായി പെൻഷൻ തുകയിൽ നിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി ദമ്പതികൾ

.

കണ്ണൂർ: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിനായി പെൻഷൻ തുകയിൽ നിന്ന് 20 ലക്ഷം രൂപ കൈമാറി അഴീക്കോട് സ്വദേശിയായ റിട്ട. പ്രൊഫസർ പി കരുണാകരനും അധ്യാപികയായ ഭാര്യ ഗീതയും. കണ്ണൂർ വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസ്സിലെത്തിയാണ് പി കരുണാകരനും ഗീതയും 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

 

ദുരന്തബാധിതർക്കായി എന്താണ് ചെയ്യാൻ കഴിയുകയെന്ന ആലോചനയിൽ നിന്നാണ് മുഖ്യമന്ത്രിക്ക് തുക കൈമാറാമെന്ന തീരുമാനത്തിൽ ഇരുവരും എത്തിയത്. ദുരന്തബാധിതർക്കായി ഒരു വീട് പണിയാൻ ഈ തുക വിനിയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് പി കരുണാകരനും ഗീതയും പറഞ്ഞു. ഗീതയുടെ അച്ഛൻ കുന്ദാരൻ രാഘവന്റെയും അമ്മ കെ വി കാർത്ത്യായനിയുടെയും കരുണാകരന്റെ സഹോദരൻ നാണുവിന്റെയും സ്മരണാർത്ഥമാണ് തുക നൽകിയത്.

Advertisements

 

ദുരന്തബാധിതർക്കായി കൽപ്പറ്റയിലാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെ ഗുണഭോക്തൃ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് നടക്കും. ബുധനാഴ്ച വൈകിട്ട് നാലിന് എൽസ്റ്റൺ എസ്റ്റേറ്റിൽവെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും നിർവഹിക്കും. മഴക്കാലത്തിന് മുമ്പായി 327 ഗുണഭോക്താക്കൾക്കും ഭൂമിയും വീടും നൽകി പൂർണപുനരധിവാസം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Share news