KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലെ എല്ലാ പൗരന്മാർക്കും ‘നേറ്റിവിറ്റി കാർഡ്’; ബില്ലിന് അംഗീകാരം

.

കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

 

നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകുന്നതാണ്. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനും പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.

Advertisements

 

കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിൽദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കാർഡ് ആവശ്യമുള്ളവർക്ക് തഹസിൽദാർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം. നിലവിൽ ഉള്ള വിവരങ്ങൾക്ക് പുറമേ സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും.

 

നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിതഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ജില്ലാ കളക്ടർക്ക് കക്ഷിയുടെ അപേക്ഷ പ്രകാരം റവന്യു ഡിവിഷണൽ ഓഫീസർ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനഃപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതുമാണ്. എന്നാൽ കക്ഷിക്ക് പറയാനുള്ള ന്യായമായ ഒരു അവസരം നൽകാതെ ഇത്തരമൊരു തീരുമാനമെടുക്കാൻ പാടില്ല.

 

Share news