KOYILANDY DIARY

The Perfect News Portal

യുഎഇ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആവേശകരമായ സ്വീകരണം

മനാമ > യു.എ.ഇ. സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആവേശകരമായ സ്വീകരണം. യുഎഇയിലെ പ്രവാസി മലയാളികുടെ ഹൃദയ കവരുന്നതായി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ രണ്ടാം നാളില്‍ മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് ഷാര്‍ജയില്‍ വന്‍ ജനക്കൂട്ടമെത്തി.

വ്യഴാഴ്ച വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുത്തു. രാവിലെ ദുബായ് എമിറേറ്റ്സ് ടവറില്‍ വ്യവസായ, വാണിജ്യ പ്രമുഖരുടെ സംഗമത്തില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുത്തു. നിക്ഷേപകര്‍ക്കനുകൂലമായ അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി നിക്ഷേപകരാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനെത്തിയത്.

വൈകീട്ട് നാലിന് ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന്റെ പുതിയ കെട്ടിടം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ നടന്ന പൊതു സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ഇവിടെ മുഖ്യമന്ത്രിയെ കാണാനും വാക്കുകള്‍ കേള്‍ക്കാനുമായി മലയാളികള്‍ മാത്രമല്ല മറ്റു സംസ്ഥാനക്കാരും വന്‍തോതില്‍ എത്തി.

Advertisements

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. വൈകീട്ട് കൊച്ചി സ്മാര്‍ട്ട് സിറ്റി സംരംഭകരായ ദുബായ് ഹോള്‍ഡിങ്സ് അധികൃതരുമായി ചര്‍ച്ച നടത്തി. ദുബായ് എമിറേറ്റ്സ് ടവറിലെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാര്‍ട്ട് സിറ്റി സംരംഭകരായ ദുബൈ ഹോള്‍ഡിങ്സ് വെസ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ ബയാത്തുമായി ദുബായില്‍ ചര്‍ച്ച നടത്തുന്നു

ഒരു മണിക്കൂറോളം നീണ്ട സ്മാര്‍ട്ട് സിറ്റി അവലോകന യോഗത്തില്‍ ദുബായ് ഹോള്‍ഡിങ്സ് വൈസ് ചെയര്‍മാനും എംഡിയുമായ അഹ്മദ് ബിന്‍ ബയാത്തും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ അടുത്തഘട്ടം എത്രയൂം വേഗം പൂര്‍ത്തിയാക്കുന്നതും സഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദുബായ് സ്മാര്‍ട്ട് സിറ്റി സിഇഒ ജാബിര്‍ ബിന്‍ ഹാഫീസ്, പ്രമുഖ വ്യവസായി എംഎ യൂസഫലി, ഡോ. ബാജു ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ അദ്ദേഹം അല്‍ഖൂസിലെ ഡെല്‍സ്കോ ലേബര്‍ ക്യാമ്ബില്‍ എത്തി. മുഖ്യമന്ത്രിയെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ മുദ്രവാക്യം വിളികളോടെ അതിരറ്റ സന്തോഷത്തോടെയായിരുന്നു വരവേറ്റത്. തൊഴിലാളികളുടെ താമസസ്ഥലവും ഭക്ഷണശാലയുമെല്ലാം അദ്ദേഹം ചുറ്റി നടന്നു കണ്ട്. തൊഴിലാളികളുമായി അദ്ദേഹം കുശലാന്വേഷണം നടത്തി. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്റെ ആദ്യ വിദേശ യാത്ര തങ്ങള്‍ക്കരികിലേക്കയതിലുള്ള ആഹ്ളാദത്തിലായിരുന്നു തൊഴിലാളികള്‍.

പ്രവാസികള്‍ക്ക് ആവേശവും പ്രതീക്ഷയും നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രവാസികളോട് കരുതലുള്ള സര്‍ക്കാരിയിരിക്കുമിതെന്ന് അദ്ദേഹം പറഞ്ഞു. നാടുവിട്ട ഓരോരുത്തരുടെയും പ്രയാസങ്ങള്‍ മനസിലാക്കുന്നതായും ഈ ത്യാഗമനോഭാവവും പിന്‍തുണയുമാണ് കേരളത്തിന്റെ പച്ചപ്പിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളായ ഓരോ സഹോദരന്റേയും പിന്‍തുണ വിലമതിക്കാനാകാത്തതാണ്. പ്രവാസികളുടെ കാര്യത്തില്‍ കരുതലുള്ളതും അവരോടൊപ്പം ചിന്തിക്കുന്നതുമായ സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളായ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രിയില്‍ തങ്ങള്‍ക്കുള്ളതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഒരു മണിക്കൂറോളം ലേബര്‍ ക്യാമ്ബില്‍ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയത്.

വെള്ളിയാഴ്ച രാവിലെ കൈരളി ടിവി സംഘടിപ്പിക്കുന്ന എന്‍ആര്‍ഐ ഗോള്‍ഡന്‍ അച്ചീവ്മെന്റ്സ് ആന്റ് യംഗ് എന്റര്‍പ്രണേഴ്സ് അവാര്‍ഡ് വിതരണ ചടങ്ങില്‍ അദ്ദേഹം മുഖ്യാതിയായി പങ്കെടുക്കും. ഉച്ചക്കു ശേഷം മൂന്നിന് ദുബായിലെ മാധ്യമപ്രവര്‍ത്തകരെ കാണും. വൈകീട്ട് അഞ്ചിനാണ് പൌരസ്വീകരണം.

Leave a Reply

Your email address will not be published. Required fields are marked *