KOYILANDY DIARY

The Perfect News Portal

എസ്‌എഫ്‌ഐ സഹകരണ സംരക്ഷണ മഹായജ്ഞം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം

തിരുവനന്തപുരം > സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളും എസ്‌എഫ്‌ഐ നേതൃത്വത്തില്‍ സഹകരണ ബാങ്കുകളില്‍ അക്കൌണ്ട് തുറക്കുന്ന സഹകരണ സംരക്ഷണ മഹായജ്ഞത്തിന് തുടക്കമായി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്നു. കേരളത്തിലെ 1506 സഹകരണ ബാങ്കുകളിലായി സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളും അക്കൌണ്ട് ആരംഭിക്കുന്ന പദ്ധതി ജനുവരി 10 വരെ നീളും.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യര്‍ഥികളില്‍ നിന്ന് സ്വരൂപിച്ച തുകകൊണ്ട് കടകംപള്ളി സഹകരണ ബാങ്കില്‍ തുടങ്ങിയ അക്കൌണ്ടിന്റെ രേഖകള്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന് നല്‍കി ഉദ്ഘാടനം ചെയ്തു.

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു മുഖ്യപ്രഭാഷണം നടത്തി. ജയ്ക്ക് സി തോമസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ എം വിജിന്‍ സ്വാഗതം പറഞ്ഞു. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പ്രതിന്‍ സാജ് കൃഷ്ണ, ഖദീജത്ത് സുഹൈല, അഥീന സതീഷ്, ജില്ലാ പ്രസിഡന്റ് രാഹില്‍ ആര്‍ നാഥ് എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ഥികളില്‍ നിന്നും അവരുടെ ഇഷ്ടാനുസരണമുള്ള ചെറിയ തുക വാങ്ങിയാണ് കലാലയങ്ങള്‍ സഹകരണ ബാങ്കുകളില്‍ അക്കൌണ്ട് ആരംഭിക്കുക. ‘സഹകരണത്തെ സംരക്ഷിക്കാന്‍ കലാലയങ്ങള്‍ കൈകോര്‍ക്കുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ടാണ് എസ്‌എഫ്‌ഐ ഈ ക്യാമ്ബയില്‍ ഏറ്റെടുക്കുന്നത്.

Advertisements

പരിപാടിയോട് അനുബന്ധിച്ച്‌ കേരളത്തിലെ എല്ലാ ജില്ലകളിലും സെമിനാറുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്നും സഹകരണ മേഖലയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഡിസംബര്‍ 29നു നടത്തുന്ന മനുഷ്യചങ്ങലയില്‍ മുഴുവന്‍ വിദ്യാര്‍ഥികളും അണിനിരക്കണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജയ്ക്ക് സി തോമസ്, സെക്രട്ടറി എം വിജിന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *