KOYILANDY DIARY

The Perfect News Portal

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തിന് ഇന്ത്യ ഇറങ്ങുന്നു

ഡല്‍ഹി : ഫിറോസ്ഷാ കോട്‍ലെയിലെ വിജയങ്ങളുടെ ചരിത്രം തുടരാന്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തിന് ഇന്ത്യ ഇറങ്ങുന്നു. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി. ആകെ കളിച്ച 19 ഏകദിനങ്ങളില്‍ 12ലും ജയിക്കാനായതാണ് ഇന്ത്യയെ കൊതിപ്പിക്കുന്ന ഫിറോസ്ഷാ കോട്‍ല ചരിത്രം. ആദ്യ ഏകദിനം അനായാസം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ആറുവിക്കറ്റിനാണ് ധര്‍മശാല ഏകദിനം ധോണിയും കൂട്ടരും വിജയിച്ചത്.

പരുക്കേറ്റു പുറത്തിരിക്കുന്ന ശിഖര്‍ ധവാനും കെ.എല്‍.രാഹുലിനും പകരമെത്തിയ രോഹിത് ശര്‍മ-അജിങ്ക്യെ രഹാന ഓപ്പണിങ് കൂട്ടുകെട്ട് പ്രതീക്ഷ കാക്കുന്നുണ്ട്. ടെസ്റ്റിലെ ഡബിള്‍ സെഞ്ചുറിക്കു പിന്നാലെ ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 85 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയുടെ തകര്‍പ്പന്‍ ഫോമും ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയൊരുക്കുന്നു.

പരമ്പര 4-1ന് സ്വന്തമാക്കിയാല്‍ ഇന്ത്യയ്ക്ക് ഏകദിന റാങ്കിങ്ങില്‍ മൂന്നാമതെത്താം. പക്ഷേ അഞ്ചു മല്‍സരങ്ങളിലും ജയമാണ് ധോണിയുടെ ലക്ഷ്യം. വിരാട് കോഹ‍്‍ലി ടെസ്റ്റ് പരമ്പര തൂത്തുവാരിയെങ്കില്‍ ധോണിയും അതു തന്നെ ചെയ്തല്ലേ മതിയാകൂ. ഏകദിനത്തില്‍ 9000 റണ്‍സെന്ന നേട്ടത്തിന് വെറും 61 റണ്‍സ് അകലെ നില്‍ക്കുകയാണ് ഇന്ത്യന്‍ നായകന്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *