KOYILANDY DIARY

The Perfect News Portal

മെസിയുടെ ഇരട്ടപ്രഹരത്തില്‍ ആഴ്സണലിനെ വീഴ്ത്തി ബാഴ്സ

ലണ്ടന്‍:യുവേഫ ചാമ്ബ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ആഴ്സനലിനെതിരെ ബാഴ്സലോണയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്സലോണ ജയിച്ചത്. ബാഴ്സക്ക് വേണ്ടി മെസിയാണ് രണ്ട് ഗോളുകളും നേടിയത്. കളിയുടെ ആദ്യ പകുതിയില്‍ മുഴുവന്‍ മികച്ച പ്രതിരോധം തീര്‍ക്കാന്‍ ആഴ്സനലിന് ആയി. സ്വന്തം മൈതാനത്ത് കാണികള്‍ക്ക് മുന്നില്‍ അവര്‍ അച്ചടക്കവും ഒത്തൊരുമയും ഉള്ള കളി പുറത്തെടുത്തു. പക്ഷെ ആ പ്രതിരോധമറ എഴുപതാം മിനിറ്റുവരെ നിലനിര്‍ത്താനേ അവര്‍ക്കായുള്ളു. മെസി-ലുയി സുവാരസ്-നെയ്മര്‍ ത്രയത്തെ 70 മിനിറ്റുവരെയും ഗോളില്‍ നിന്ന് അകറ്റി നിര്‍ത്തിയ ഇംഗ്ലീഷ് പട 71 ആം മിനിറ്റില്‍ വീണു. അവസരം മുതലാക്കി ലയണല്‍ മെസിയുടെ ഗോള്‍ അവിടെ നിന്ന് മടങ്ങിവരാന്‍ ആഴസനലിന് ആയില്ല.

ആഴ്സണല്‍ പ്രതിരോധം കീറിമുറിച്ച്‌ നെയ്മര്‍ നല്‍കിയ പാസില്‍ നിന്നായിരുന്നു മെസിയുടെ മനോഹര ഫിനിഷിംഗ്.എണ്‍പത്തിമൂന്നാം മിനിറ്റില്‍ വീണ്ടും മെസി ആഴ്സനലിന്റെ വല കുലുക്കി. പെനല്‍റ്റി ബോക്സില്‍ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയില്‍ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ പീറ്റര്‍ ചെക്കിനെ കാഴ്ചക്കാരനാക്കി മെസി വലയിലെത്തിച്ചു.