KOYILANDY DIARY

The Perfect News Portal

നേപ്പാളില്‍ കാണാതായ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളില്‍ 23 പേരുമായി കാണാതായ ചെറുവിമാനത്തിന്‍െറ അവശിഷ്ടം കണ്ടെത്തി. മ്യാഗ്ദി ജില്ലയിലെ സോളിഘോപ്റ്റെ വനത്തിലാണ് വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് നേപ്പാള്‍ എവിയേഷന്‍ മന്ത്രി അനന്തപ്രസാദ് പറഞ്ഞു. വിമാനം കാണാതായി നാലു മണിക്കൂറിനുശേഷമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സോളിഘോപ്റ്റെ പ്രദേശത്ത് വിമാനം തകര്‍ന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഫ്ലൈറ്റിലുണ്ടായിരുന്ന എല്ലാവരും മരിച്ചു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല. പ്രാദേശിക വിമാന കമ്ബനിയായ താര എയര്‍ലൈന്‍സിന്‍റെ ട്വിന്‍ ഒട്ടെര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്.

മോശം കാലാവസ്ഥ കാരണം വിമാനം ഇടിച്ചുതകര്‍ന്നുവെന്നാണ് കരുതുന്നത്. പറന്നുയര്‍ന്ന് താമസിയാതെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാഠ്മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ പൊഖ്റയില്‍ നിന്ന് ജോംസോമിലേക്കായിരുന്നു യാത്ര. ട്രക്കിങിന് പ്രസിദ്ധമായ സ്ഥലമാണിത്. വെറും 18 മിനിറ്റ് ദൂരമാണ് വിമാനത്തിന് യാത്ര ചെയ്യാനുണ്ടായിരുന്നത്. രണ്ട് വിമാനത്താവളങ്ങള്‍ക്കിടയില്‍ എവിടെയും ലാന്‍ഡിങ് സ്ട്രിപ്പ് ഇല്ലാത്തതിനാല്‍ വിമാനം തകര്‍ന്നിരിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. കാണാതായ ഉടനെ രക്ഷാപ്രവര്‍ത്തകര്‍ ഹെലിക്കോപ്റ്ററുകളില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം നേരം തിരച്ചില്‍ നടത്താനെ കഴിഞ്ഞുള്ളൂ.