KOYILANDY DIARY

The Perfect News Portal

സിറ്റി ബസ്സുകള്‍ ബുധനാഴ്ച നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റി

കോഴിക്കോട് > മെഡിക്കല്‍ കോളേജ് റൂട്ടിലെ സിറ്റി ബസ്സുകള്‍ ബുധനാഴ്ച നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റി. ആര്‍ടിഎ തീരുമാനത്തിന് വിരുദ്ധമായി മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയതെന്ന് ഉടമകള്‍ പറഞ്ഞു. സിറ്റി ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് 25 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തുനിന്ന് വരുന്ന സ്വകാര്യ ബസ്സുകള്‍ അരയിടത്തുപാലത്തിന് താഴെക്കൂടി പുതിയറ– ജയില്‍റോഡുവഴി പാളയം സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം നടത്താനും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചിരുന്നു.
പൊലീസുമായുള്ള ചര്‍ച്ചയില്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു, രാധാകൃഷ്ണന്‍, സി കെ അബ്ദുറഹിമാന്‍, സി മൂസ, വി ടി വിനോദ്കുമാര്‍, ഒ സതീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *