KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ യു.എ.പി.എ. കേസുകളും ആഭ്യന്തരവകുപ്പ് പുന:പരിശോധിക്കുന്നു

തിരുവനന്തപുരം> സംസ്ഥാനത്തെ നിലവിലുള്ള മുഴുവന്‍ യുഎപിഎ കേസുകളും ആഭ്യന്തരവകുപ്പ് പുന:പരിശോധിക്കുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് യോഗം ചേരും. നിയമവിദഗ്ധരുടെ സാന്നിധ്യത്തിലാകും യോഗം. നിയമവിരുദ്ധമായി യുഎപിഎ ചുമത്തിയെന്ന് വ്യക്തമായാല്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. യുഎപിഎ കേസുകളുടെ എല്ലാ വിവരങ്ങളും തിങ്കളാഴ്്്ചക്കകം എത്തിക്കാന്‍ റേഞ്ച് ഐജിമാര്‍ക്ക് പൊലീസ് മേധാവി ലോകനാഥ് ബെഹ്റ നിര്‍ദേശം നല്‍കി.

യുഎപിഎയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് കേസുകള്‍ പുനപരിശോധിക്കാന്‍ തീരുമാനം. കോടതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പരിശോധിക്കും. യുഎപിഎ ചുമത്തിയത് തെറ്റാണെന്ന് കണ്ടെത്തിയാല്‍ അക്കാര്യം കോടതിയെ അറിയിക്കും.

യുഎപിഎ, രാജ്യദ്രോഹക്കുറ്റം പോലുള്ള വകുപ്പുകള്‍ ചുമത്തുമ്പോള്‍ ജില്ലാ പൊലീസ് മേധാവിമാരുടെ അനുമതി വേണമെന്ന് വ്യക്തമാക്കി ഡിജിപി കര്‍ശനനിര്‍ദേശം നല്‍കി.  ഇത്തരം പരാതികളില്‍ അറസ്റ്റുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഓര്‍മിപ്പിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക്  ലോകനാഥ് ബെഹ്റ കത്തയച്ചു.

ഇത്തരം വകുപ്പുകള്‍ എസ്എച്ച്ഒമാര്‍ എഫ്ഐആര്‍ ലാഘവ ബുദ്ധിയോടെ രജിസ്റ്റര്‍ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഇത്തരം വകുപ്പുകള്‍ പ്രകാരമുള്ള കേസുകള്‍ ഡിവൈഎസ്പിയില്‍ കുറയാത്ത ഉദ്യോഗസ്ഥരാകണം അന്വേഷിക്കേണ്ടത്. ഇത്തരം വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെങ്കിലും ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണം. ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ ഇത്തരം വകുപ്പുകള്‍ ചുമത്താവൂ. ഇതുമായി ബന്ധപ്പെട്ട് എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ ശില്‍പശാല സംഘടിപ്പിക്കും.

താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ യുഎപിഎ പ്രകാരം മൂന്ന് കേസുകള്‍ മാത്രമേ എടുത്തിട്ടുള്ളുവെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാദം ശരിയല്ലെന്ന് വ്യക്തമായി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!