KOYILANDY DIARY

The Perfect News Portal

ശ്രീ പിഷാരികാവ് ദേവസ്വം നിര്‍മിക്കുന്ന ഗസ്റ്റ് ഹൗസിന്റെയും ഊട്ടുപുരയുടെയും നിര്‍മാണം പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം നിര്‍മിക്കുന്ന ഗസ്റ്റ് ഹൗസിന്റെയും ഊട്ടുപുരയുടെയും നിര്‍മാണം പുരോഗമിക്കുന്നു. വരുന്ന ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തോടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. പത്തരക്കോടി രൂപയുടേതാണ് എസ്റ്റിമേറ്റ്. ആകെ അഞ്ചുനിലകളിലാണ് കെട്ടിടം നിര്‍മിക്കുന്നത്.

കെട്ടിടത്തിന്റെ താഴെനിലയും ഒന്നാംനിലയും അന്നദാന മണ്ഡപങ്ങളാണ്. താഴെ നിലയില്‍ അടുക്കള, സ്റ്റോര്‍, ഊണ്‍മുറി, വാഷ് ഏരിയ, വിശാലമായ വരാന്ത തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ഒന്നാം നിലയില്‍ അന്നദാന ഹാള്‍, ഓഫീസ് തുടങ്ങിയവയും മൂന്നും നാലും നിലകളില്‍ രണ്ട് സ്യൂട്ട് മുറികള്‍ ഉള്‍പ്പെടെ 40 ബാത്ത് അറ്റാച്ച്‌ഡ് മുറികളും ഉണ്ടാവും. അഞ്ചാംനിലയില്‍ വിശാലമായ ഹാളും ഒരു മുറിയും ഉണ്ടാകും. കെട്ടിടത്തില്‍ മൂന്ന് ലിഫ്റ്റുകള്‍, ഫയര്‍ എസ്കേപ്പ് കോണിപ്പടികള്‍ എന്നിവയുമുണ്ട്. പിഷാരികാവ് ദേവസ്വം വിലകൊടുത്തുവാങ്ങിയ നാണോത്തു പറമ്പി ലെ 39 സെന്റ് സ്ഥലത്താണ് ഗസ്റ്റ് ഹൗസും ഊട്ടുപുരയും നിര്‍മിക്കുന്നത്.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് നിര്‍മാണപ്രവൃത്തി നടത്തുന്നതെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായരും എക്സിക്യുട്ടീവ് ഓഫീസര്‍ യു.വി. കുമാരനും പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയമാണ് സജ്ജമാക്കുന്നത്. ഓഡിറ്റോറിയത്തില്‍ വിവാഹം, മറ്റ് പൊതുചടങ്ങുകള്‍ എന്നിവ നടത്താം. ഊട്ടുപുര ഉത്സവകാലങ്ങളിലും മറ്റ് വിശേഷദിവസങ്ങളിലും അന്നദാനം നടത്താന്‍ ഉപയോഗിക്കും. വിദൂരസ്ഥലങ്ങളില്‍നിന്നെത്തുന്ന ഭക്തര്‍ക്ക് താമസിക്കുന്നതിനാണ് ഗസ്റ്റ് ഹൗസ് നിര്‍മിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *