KOYILANDY DIARY

The Perfect News Portal

വി .എസ് . മൂന്നാറിലേക്ക്

ഇടുക്കി: മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരമുന്നണിയിൽ താനുമുണ്ടാകുമെന്ന് വിഎസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധനിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും വിഎസ് പറഞ്ഞു.

അതേസമയം, സമരസ്ഥലത്തെത്തിയ എസ്.രാജേന്ദ്രൻ എംഎൽഎയെ സമരക്കാർ തടഞ്ഞു വച്ചു. രാവിലെ 11ഓടെയാണ് സ്ത്രീകൾ അടക്കമുള്ള സമരക്കാരെ കാണാൻ എംഎൽഎ എത്തിയത്. എന്നാൽ ഒരു നേതാക്കന്മാരെയും കാണേണ്ടെന്നും തങ്ങളുടെ പ്രശ്‌നത്തിൽ ഇതുവരെ ആരും ഇടപ്പെട്ടിരുന്നില്ലെന്നും തൊഴിലാളികൾ നിലപാടെടുത്തു. തുടർന്ന് എംഎൽഎയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. പിന്നീട് പോലീസ് നിർദ്ദേശം അനുസരിച്ച് എംഎൽഎ സ്ഥലത്തു നിന്നും മടങ്ങി.

അതിനിടെ സമരത്തിനു പിന്നിൽ തമിഴ് സംഘടനകളെന്ന വാദം തെറ്റാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സമരത്തിൽ തമിഴ് സംഘടനകൾക്കു പങ്കില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. തൊഴിലാളികളുമായി ഇന്നലെ മന്ത്രി ഷിബു ബേബി ജോൺ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. കമ്പനി പ്രതിനിധികളുമായി ഞായ്യറാഴ്ച വീണ്ടും മന്ത്രി ചർച്ച നടത്തും.

Advertisements

ശമ്പളം, ബോണസ് എന്നിവ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഇതോടെ ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ബോണസ് ഇരുപത് ശതമാനം വർധിപ്പിക്കുക, ശമ്പളം 500 രൂപയായി ഉയർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെപ്തംബർ അഞ്ചിനാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. കണ്ണൻദേവൻ കമ്പനിക്കെതിരായുള്ള സമരം ശക്തമായതോടെ ടാറ്റയുടെ പെരിയക്കനാൽ, പള്ളിവാസൽ എസ്റ്റേറ്റിലെ തൊഴിലാളികളും സമരത്തിനിറങ്ങിയിട്ടുണ്ട്.