KOYILANDY DIARY.COM

The Perfect News Portal

പ്രഥമ നിശാഗന്ധി സംഗീത പുരസ്‌കാരങ്ങള്‍ പദ്മശ്രീ പാറശാല ബി.പൊന്നമ്മാളിനും പദ്മഭൂഷണ്‍ ടിവി ഗോപാലകൃഷ്ണനും സമര്‍പ്പിച്ചു

തിരുവനന്തപുരം: പ്രഥമ നിശാഗന്ധി സംഗീത പുരസ്‌കാരങ്ങള്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പദ്മശ്രീ പാറശാല ബി.പൊന്നമ്മാളിനും ശാസ്ത്രീയ സംഗീതത്തിലെ ബഹുമുഖ പ്രതിഭ പദ്മഭൂഷണ്‍ ടിവി ഗോപാലകൃഷ്ണനും സമര്‍പ്പിച്ചു.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പഞ്ചദിന നിശാഗന്ധി മണ്‍സൂണ്‍ രാഗാസ് സംഗീതോത്സവത്തിന്റെ സമാപന ചടങ്ങില്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പാണ് സംഘടിപ്പിച്ചത് . സഹകരണ- ടൂറിസം -ദേവസ്വം മന്ത്രികടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

നിശാഗന്ധി സംഗീത പുരസ്‌കാരമാണ് ബാല്യം മുതല്‍ ലഭിച്ച പുരസ്‌കാരങ്ങളേക്കാള്‍ ശ്രേഷ്ഠമെന്ന് മറുപടി പ്രസംഗത്തില്‍ പുരസ്‌കാര ജേതാവായ പാറശാല ബി പൊന്നമ്മാള്‍ പറഞ്ഞു. ജന്‍മനാട്ടില്‍ ലഭിച്ച ഈ പുരസ്‌കാരം മഹാന്‍മാരായ ഗുരുനാഥന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതായും പ്രോത്സാഹനം നല്‍കിയാല്‍ മാത്രമേ സംഗീതം വളരുകയുള്ളൂയെന്നും ടിവി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നമ്മുടെ വരദാനമാണ് ഈ അവാര്‍ഡ് ജേതാക്കള്‍, മൃദംഗം വായിച്ചുകൊണ്ട് കര്‍ണാടക സംഗീതം ആലപിക്കാന്‍ കഴിയുന്ന ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന അതുല്യ പ്രതിഭയാണ് ടിവി ഗോപാലകൃഷ്ണനെന്നും അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാനും ഗാനരചയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്ബി പറഞ്ഞു.

ആയുഷ്‌കാലം മുഴുവനും തപസ്സുപോലെ സംഗീതത്തിനായി ഉഴുഞ്ഞുവച്ച പ്രതിഭകളെ ആദരിക്കാനായത് ഈ തലമുറയുടെ സുകൃതമാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി അംഗവും മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ കെ. ജയകുമാര്‍ പറഞ്ഞു.

സമാപന ചടങ്ങിനോടനുബന്ധിച്ച്‌ രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ ഫ്യൂഷന്‍ സംഗീതവും ഉസ്താദ് റഫീഖ് ഖാന്‍ (സിത്താര്‍) നയിച്ച ക്ലാസിക്കല്‍ ഫ്യൂഷന്‍ ബാന്‍ഡിന്റെ ശിവ ദ മ്യൂസിക്കല്‍ തണ്ടറും അരങ്ങേറി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!