KOYILANDY DIARY

The Perfect News Portal

പാനായിക്കുളം സിമി ക്യാമ്പ്ശിക്ഷ വിധിച്ചു.

കൊച്ചി : ആലുവ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ളാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ രഹസ്യയോഗം സംഘടിപ്പിച്ച കേസില്‍ അഹമ്മദാബാദ് സ്ഫോടനക്കേസിലെ രണ്ടു പ്രതികളുള്‍പ്പെടെ അഞ്ചുപേര്‍ക്ക് തടവ് ശിക്ഷ. പ്രതികളായ അബ്ദുള്‍ റാസിഖ്, അന്‍സാര്‍ എന്നിവര്‍ക്ക് 14 വര്‍ഷവും മറ്റ് മൂന്നു പ്രതികളായ പി എ ഷാദുലി, നിസാമുദ്ദീന്‍, ഷംനാസ് എന്നിവര്‍ക്ക് 12 വര്‍ഷവുമാണ് തടവു ശിക്ഷ. എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി കെ എം ബാലചന്ദ്രനാണ് ശിക്ഷ വിധിച്ചത്.

ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ ഈരാറ്റുപേട്ട നടയ്ക്കല്‍ പീടിയേക്കല്‍ വീട്ടില്‍ പി എ ഷാദുലി (ഹാരിസ്), ഈരാറ്റുപേട്ട നടയ്ക്കല്‍ പേരകത്തുശേരി അബ്ദുള്‍ റാസിഖ്, ആലുവ കടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ വീട്ടില്‍ പി എ മുഹമ്മദ് അന്‍സാര്‍ (അന്‍സാര്‍ നദ്വി), ആലങ്ങാട് പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ (നിസുമോന്‍), ഈരാറ്ററുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ ഷമ്മി (ഷംനാസ്) എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചുപേര്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗൂഡാലോചനക്കുറ്റവും ഭീകരവാദ നിയമത്തി (യുഎപിഎ)ലെ നിരോധിത സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തതിനുമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.പൊലീസ് അറസ്റ്റ്ചെയ്യുകയും എന്‍ഐഎ കോടതിയില്‍ വിചാരണ നേരിടുകയുംചെയ്ത ഒരാള്‍ക്ക് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് വിചാരണ മാറ്റിയിരുന്നു.

വിചാരണ നേരിട്ട 17 പേരില്‍ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരില്‍ രണ്ടുപേര്‍ക്കെതിരെ കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 11 പേരെ വിട്ടയച്ചിരുന്നു.ആദ്യം കേസന്വേഷിച്ച പൊലീസ് സിമി നേതാക്കളായ അഞ്ചുപേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. പിന്നീട് കേസ് ഏറ്റെടുത്ത പ്രത്യേക അന്വേണസംഘം മറ്റു 13 പേരും ക്യാമ്പില്‍ പങ്കെടുക്കാന്‍ മാത്രമാണ് സ്ഥലത്തെത്തിയതെന്നു കണ്ടെത്തി ഇവരെക്കൂടി പ്രതിചേര്‍ത്തു

Advertisements