KOYILANDY DIARY

The Perfect News Portal

ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ സ്വകാര്യ ഗോഡൗണില്‍: ഡി.വൈ.എഫ് ഐ പ്രതിഷേധിച്ചു

മുക്കം: വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് നല്‍കാനുള്ള അരിയും അവശ്യവസ്തുക്കളും വിതരണം നടത്താതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചതിനെചൊല്ലി തര്‍ക്കം. ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരാണ് തിങ്കളാഴ്ച രാവിലെ മുക്കം കുറ്റിപ്പാലയിലെ ഗോഡൗണില്‍ പ്രതിഷേധവുമായെത്തിയത്. മുക്കം പൊലീസ് സാധനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.

മുക്കത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എം.ഐ.ഷാനവാസ് എം പി യുടെ നേതൃത്വത്തില്‍ ശേഖരിച്ച ക്വിന്റല്‍ കണക്കിന് അരിയും അവശ്യസാധനങ്ങളുമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. തിരുമ്ബാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിയ ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ള അരിയും മറ്റ് സാധനങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്‍കാന്‍ ശ്രമം നടത്തിയെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതെന്നും ഡി.വൈ.എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ലിന്‍റോ ജോസഫ്,ജാഫര്‍ ഷെരിഫ്,ഫിറോസ് ഖാന്‍,വിപിന്‍ കാരമൂല,റനില്‍ രാജ്, എം വി വൈശാഖ്, കെ.പി അഖില്‍,
പി.പിഅഖില്‍, അജയ് ഫ്രാന്‍സി എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

പൊലീസ് സ്റ്റേഷനില്‍ എത്തിച്ച സാധനങ്ങളെല്ലാം അല്‍പസമയത്തിനകം യൂത്ത് കോണ്‍ഗ്രസ്സുകാരെത്തി തിരികെ കൊണ്ടുപോയി. എം ഐ ഷാനവാസ് എം പി ഇടപെട്ടാണ് ഇവയെല്ലാം യൂത്ത് കോണ്‍ഗ്രസ്സിന് തിരിച്ചുനല്‍കിയത്. ദുരിതബാധിതര്‍ക്ക് വിതരണത്തിനുള്ള അരിയും അവശ്യവസ്തുക്കളുമാണെന്ന് സമ്മതിച്ച എം പി, ഇതിലേയ്ക്ക് കൂടുതല്‍ സാധനങ്ങള്‍ ശേഖരിക്കേണ്ടതുള്ളതുകൊണ്ടാണ് വിതരണം നടത്താതിരുന്നതെന്നും അടുത്ത ദിവസം ബാക്കി സാധനങ്ങള്‍ എത്തിച്ച്‌ വിതരണം നടത്തുമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവ വിട്ടുനല്‍കിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *