KOYILANDY DIARY

The Perfect News Portal

ഡൊണള്‍ഡ് ട്രംപ് ആദ്യം ഒപ്പുവെച്ചത് ഒബാമകെയറിന് അന്ത്യം കുറിക്കുന്ന ഉത്തരവില്‍

വാഷിങ്ടണ്‍> അമേരിക്കയുടെ അധികാരമേറ്റ ഡൊണള്‍ഡ് ട്രംപ് ആദ്യം ഒപ്പുവെച്ചത് ഒബാമകെയറിന് അന്ത്യം കുറിക്കുന്ന ഉത്തരവില്‍. അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുന്‍ നിര്‍ത്തി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ നടപ്പിലാക്കിയതാണ് ഒബാമ കെയര്‍. ഇത് നിര്‍ത്തലാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

പുതിയ ഉത്തരവോടെ ഒബാമാ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പ്രസിഡന്റിന്റെ ഓഫീസ് നിര്‍ദ്ദേശം നല്‍കി.പദ്ധതി നിര്‍ത്തലാക്കുന്നതിന് ജനപ്രതിസഭയും സെനറ്റും അനുമതി നല്‍കിയിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തിനിടയിലും ഇത് സംബന്ധിച്ച പ്രമേയം 198നെതിരെ 227 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ പാസാക്കിയത്.

രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന പൗരന്മാര്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയറിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതി തുടരുമെന്നും കാലികമായ മാറ്റങ്ങള്‍ മാത്രമേ വരുത്തുകയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പദ്ധതി വേണ്ടെന്നു വെക്കുകയായിരുന്നു. ജെയിംസ് മാറ്റിസ്, ജോണ്‍ കെല്ലി എന്നിവരെ പ്രതിരോധ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിമാരാക്കിക്കൊണ്ടുള്ള ഫയലിലും പിന്നീട് ട്രംപ് ഒപ്പുവെച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *