KOYILANDY DIARY

The Perfect News Portal

ചെറുവാടി പുഞ്ചപ്പാടത്ത് 20 വര്‍ഷത്തിന് ശേഷം നെല്‍കൃഷിയിറക്കി

കൊടിയത്തൂര്‍: ചെറുവാടി പുഞ്ചപ്പാടം കതിരണിഞ്ഞു. 20 വര്‍ഷത്തിന് ശേഷം 150ലേറെ ഏക്കര്‍ വയലില്‍ നെല്‍കൃഷിയിറക്കി. കല്ലംതോട് നീര്‍ത്തട പദ്ധതിയില്‍ 70 ലക്ഷം രൂപ ചെലവഴിച്ചാണ് വയല്‍ കൃഷിക്ക് അനുയോജ്യമാക്കിയത്. നാല് കിലോമീറ്റര്‍ നീളത്തില്‍ ചട്ടിത്തോട് നവീകരണം, കുട്ടക്കടവത്ത് പമ്പ്‌ ഹൗസ് നിര്‍മ്മാണം, മെക്കാനിക്കല്‍ ഷട്ടര്‍ നിര്‍മ്മാണം, വയറിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
കൃഷിഭവന്‍, കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ അഗ്രോ സെന്റര്‍, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് നെല്‍കൃഷി ആരംഭിച്ചത്. കഴിഞ്ഞ ഡിസംബര്‍ 23ന് കൃഷിമന്ത്രി സുനില്‍കുമാര്‍ ഞാറ് നടീല്‍ ഉദ്ഘാടനം നടത്തിയിരുന്നു.

 110 ദിവസത്തെ മൂപ്പുളള കാഞ്ചന വിത്താണ് ഇറക്കിയത്. ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കൃഷിഭവന്‍ വിത്തും വളവും സൗജന്യമായി നല്‍കി. തരിശ് നെല്‍കൃഷി സബ്സിഡി, സുസ്ഥിര നെല്‍കൃഷി സബ്സിഡി, ബോണസ് എന്നീ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനായി പാടശേഖരസമിതി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.

കതിരണിഞ്ഞ നെല്‍കൃഷി കാണാന്‍ പ്രസിഡന്റ് സി.ടി.സി. അബ്ദുല്ല, ചെയര്‍മാന്മാരായ കെ.പി.ചന്ദ്രന്‍, വി.എ. സണ്ണി, മെമ്ബര്‍ ചേറ്റൂര്‍ മുഹമ്മദ്, കൃഷി ഓഫീസര്‍ സബീന എം.എം, അസിസ്റ്റന്റ് സുബ്രഹ്മണ്യന്‍. ബി, അബ്ദുള്‍ സത്താര്‍ പി.എ, ബീന.എ.പി, കല്ലംതോട് സ്പെഷ്യല്‍ ഓഫീസര്‍ നാരായണന്‍ നായര്‍ എന്നിവരെത്തി. പാടശേഖര സമിതി ഭാരവാഹികളായ കെ.സി.മമ്മദ്കുട്ടി, അബ്ദുസലാം ഹാജി കണ്ടങ്ങല്‍ എന്നിവര്‍ ഇവരെ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *