KOYILANDY DIARY.COM

The Perfect News Portal

കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

കോട്ടയം: സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെ ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫ് തുറന്നടിച്ചു. സമവായ നീക്കം പൊളിക്കാന്‍ ശ്രമിക്കുന്നത് ജോസ് കെ മാണി വിഭാഗമാണെന്നും തന്നെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമേ ഇനി യോഗങ്ങള്‍ വിളിക്കൂ എന്നും പി ജെ ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. ഗ്രൂപ്പ് പ്രശ്നമല്ല പാര്‍ട്ടിയിലുള്ളത്, സമവായത്തിന്‍റെ ആളുകളും പിളര്‍പ്പിന്‍റെ ആളുകളും തമ്മിലുള്ള പ്രശ്നമാണ്. കെ എം മാണിയുടെ കീഴ്വഴക്കങ്ങള്‍ ജോസ് കെ മാണി വിഭാഗം ലംഘിക്കുകയാണെന്ന് പി ജെ ജോസഫ് ആരോപിച്ചു. തീരുമാനങ്ങള്‍ ചെറിയ സമിതി ചര്‍ച്ച ചെയ്ത് സംസ്ഥാന കമ്മിറ്റിയില്‍ പാസാക്കുന്നതായിരുന്നു കെ എം മാണിയുടെ കീഴ്വഴക്കമെന്നും പി ജെ ജോസഫ് പറഞ്ഞു.

പാര്‍ട്ടിയില്‍ യാതൊരു അനിശ്ചിതത്വവും ഇല്ല. പാര്‍ട്ടി ചെയര്‍മാനും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും തങ്ങളുടെ ഭാഗത്താണ്. അതില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ സമവായം വേണം. കോണ്‍ഗ്രസ് പാര്‍ട്ടി അടക്കം കേരളാ കോണ്‍ഗ്രസിന്‍റെ അഭ്യുദയകാംക്ഷികളെല്ലാം സമവായം വേണമെന്ന അഭിപ്രായത്തിലാണ്. അതിന് എതിര് നില്‍ക്കുന്നത് ജോസ് കെ മാണി വിഭാഗം മാത്രമാണ്. മാണിസാര്‍ ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്‍റെ ആളല്ലേ ചെയര്‍മാന്‍ ആകേണ്ടത് എന്നാണ് ചോദിക്കുന്നത്. ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മകനാണോ മുസ്ലീം ലീഗിന്‍റെ നേതൃത്വം ഏറ്റെടുത്തതെന്ന് പി ജെ ജോസഫ് ചോദിച്ചു.

ഒരു പാര്‍ട്ടിയാണെങ്കിലും ഇനി ഔദ്യോഗികമായി പിരിഞ്ഞാല്‍ മതി എന്ന തരത്തില്‍ രണ്ട് പാര്‍ട്ടിയെപ്പോലെയാണ് കേരളാ കോണ്‍ഗ്രസ് (എം) ലെ ഇരുവിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സി എഫ് തോമസിന്‍റെ നിലപാട് എന്താകും എന്നാണ് ഇനി നിര്‍ണ്ണായകമാകുന്നത്. സി എഫ് തോമസ് ഒപ്പം നില്‍ക്കുന്ന വിഭാഗത്തിന് നിയമസഭാ പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം കിട്ടും.

Advertisements

ജൂണ്‍ പത്താം തീയതിക്ക് മുമ്ബ് പുതിയ കക്ഷി നേതാവിനെ തെരഞ്ഞെടുത്തുകൊണ്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കണം. അതിന് മുമ്ബ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കണം എന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ പാര്‍ട്ടില്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളുള്ളതുകൊണ്ട് പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കാനാണ് പി ജെ ജോസഫിന്‍റെ തീരുമാനം. തര്‍ക്കത്തില്‍ സമവായത്തില്‍ എത്താതെ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കുന്ന പ്രശ്നമില്ലെന്നും പി ജെ ജോസഫ് പറയുന്നു. എന്നാല്‍ പാര്‍ട്ടി വിപ്പായ ജോഷി അഗസ്റ്റിന്‍ ഇതിനെതിരായി സ്പീക്കര്‍ക്ക് കത്തുനല്‍കാനാണ് ജോസ് കെ മാണി വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!