KOYILANDY DIARY

The Perfect News Portal

ഇ. എം. എസ്. സ്മാരക ടൗണ്‍ഹാള്‍ നാടിന് സമര്‍പ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇ. എം. എസ്. സ്മാരക ടൗണ്‍ ഹാള്‍ നാടിന് സമര്‍പ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണനാണ് ടൗണ്‍ഹാള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നാടിന്റെ വികസനത്തില്‍ രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ലോകത്തിന് മാതൃകയായ ഭൂപരിഷ്‌കരണം ഉള്‍പ്പെടെ പ്രഥമ മുഖ്യമന്ത്രി എന്ന നിലയില്‍ വലിയ സംഭാവന നല്‍കിയ ഇ. എം. എസിന്റെ പേരില്‍ ടൗണ്‍ ഹാള്‍ നിര്‍മ്മിച്ചതില്‍ വലിയ സന്തോഷവും അദ്ധേഹം പങ്കുവെച്ചു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ടി. കെ. ചന്ദ്രന്‍ സ്വാഗതവും ചെയര്‍പേഴ്‌സണ്‍ കെ. ശാന്ത ടീച്ചര്‍ അദ്ധ്യക്ഷതയും വഹിച്ചു. വടക്കെ മലബാറിലെ ഏറ്റവും വലിയ ടൗണ്‍ഹാള്‍ ഉദ്ഘാടനം ചെയ്തതോട്കൂടി കൊയിലാണ്ടിയിലെ ജനങ്ങളുടെ വര്‍ഷങ്ങളോളമായുള്ള കാത്തിരിപ്പിനാണ് വിരാമമായത്. കോബൗണ്ട്‌വാളും ഇന്റര്‍ലോക്ക് സംവിധാനങ്ങളും ഗെയിറ്റും ഉള്‍പ്പെടെ പുറമെയുള്ള വര്‍ക്കുകളും ഹാളിനുള്ളിലെ അറ്റകുറ്റ പണികളും പൂര്‍ത്തിയായാല്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് വര്‍ക്കുകള്‍ പുരോഗമിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ വിശിഷ്ട സാന്നിദ്ധ്യത്തില്‍ നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനവും പാര്‍ലമെന്റംഗം മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥി എന്നിങ്ങനെയായിരുന്നു ചടങ്ങിന് തീരുമാനിച്ചിട്ടുള്ളത്. നേരത്തെ ടൗണ്‍ഹിളിന് എ. പി. ജെ. അബ്ദുള്‍കലാമിന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നെങ്കിലും കൗണ്‍സിലിന്റെ അംഗീകാരം കിട്ടാതെപോവുകയായിരുന്നു. 2010ല്‍ കെ. ദാസന്‍ ചെയര്‍മാനായിരിക്കുമ്പോള്‍ അന്നത്തെ കൗണ്‍സില്‍ ഇ. എം. എസ്-ന്റെ പേര് ഐക്യകണ്‌ഠേന അംഗീകരിച്ചതാണെന്ന് രേഖകളില്‍ വ്യക്തമാണ്. ഇത് മറച്ച് വെച്ചാണ് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉദ്ഘാടനം ബഹിഷ്‌കരിച്ചതെന്ന് തുടര്‍ന്ന് സംസാരിച്ച എം. എല്‍. എയും മറ്റ് ജനപ്രതിനിധികളും വ്യക്തമാക്കി. പരിപാടിയില്‍ ജില്ലയിലെ വിവിധ എം. എല്‍. എ.മാര്‍, മുന്‍ എം. എല്‍. എ., പി. വിശ്വന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. മോഹനന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ടി. വി. ചന്ദ്രഹാസന്‍, മറ്റ് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, മുന്‍സിപ്പല്‍ സെക്രട്ടറി, മുന്‍സിപ്പല്‍ എഞ്ചിനീയര്‍മാര്‍, പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് സിനിമാ രംഗത്തെ പ്രമുഖന്‍ ഗിന്നസ് പക്രുവിന്റെ നേതൃത്വത്തില്‍ കലാകാരന്മാര്‍ അണിനിരന്ന ഗാനമേളയും, കോമഡിഷോയും അരങ്ങേറി.