KOYILANDY DIARY

The Perfect News Portal

ആലപ്പുഴ കുടിവെള്ള പദ്ധതി: മെയ് ആറിന് മുഖ്യമന്ത്രി പദ്ധതി നാടിന് സമര്‍പ്പിക്കും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. തലസ്ഥാനത്ത് വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ സാനിധ്യത്തില്‍ ആലപ്പുഴ നഗരസഭ അധ്യക്ഷന്‍ തോമസ് ജോസഫ് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിയുടെ ഉദ്ഘാടനം ഉടന്‍ നടത്താന്‍ തീരുമാനിച്ചത്.

മെയ് ആറിന് ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിന് സമര്‍പ്പിക്കും. സമ്മേളനത്തില്‍ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്ക്, മന്ത്രി ജി.സുധാകരന്‍, കെ.സി. വേണുഗോപാല്‍ എം.പി എന്നിവര്‍ പങ്കെടുക്കും.

വേനല്‍ക്കാലത്ത് ജില്ലയ്ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് പദ്ധതി രൂപികരിച്ചത്. മുന്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി ആയിരുന്നു കരുമാടിയില്‍ പദ്ധതിക്കായി ശിലയിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സ്‌കിം ഫോര്‍ സ്മാള്‍ ആന്റ് മീഡിയം ടൗണ്‍സ് പദ്ധതി പ്രകാരമാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്.

Advertisements

പ്രധാനമായും പുറക്കാട്, അമ്പലപ്പുഴ (നോര്‍ത്ത്‌സൗത്ത്), പുന്നപ്ര (നോര്‍ത്ത്‌സൗത്ത്), മുന്‍സിപ്പാലിറ്റി, ആര്യാട്, മാരാരിക്കുളം സൗത്ത് എന്നിവിടങ്ങളിലാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന പ്രദേശങ്ങള്‍.

പ്രാരംഭ നടപടി എന്ന നിലയില്‍ കുടിവെള്ളം ശേഖരിക്കുന്നതിനായി 151.94 കോടി രൂപ മുതല്‍ മുടക്കി കടപ്ര സൈക്കള്‍ മുക്കില്‍ കുഴല്‍ കിണറും പമ്പ് ഹൗസും കരുമാടിയില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും സ്ഥാപിച്ചു.

കൊച്ചിയിലെ വിശ്വനാഥന്‍ കോണ്‍ട്രാക്ടേഴ്‌സ് എന്ന കമ്പനിയുടെ നേതൃത്വത്തിലയായിരുന്നു പൈപ്പ് ലൈനുകളും ജല സംഭരണികളും സ്ഥാപിക്കാന്‍ ഏല്‍പ്പിച്ചത്. എന്നാല്‍ കടപ്രയിലെ നിര്‍മാണം പൂര്‍ത്തികരിച്ചെങ്കിലും കരുമാടിയില്‍ നിന്നുള്ള പൈപ്പുലൈനുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചില സ്വകാര്യ വ്യകതികള്‍ തര്‍ക്കമുന്നയിച്ചതോടെ നിര്‍മാണത്തിന് കാലതാമസം നേരിട്ടു.

ചിലര്‍ ഭുമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പൈപ്പുകള്‍ സ്ഥാപിക്കാനായി ഭൂമി കുഴിക്കുമ്പോള്‍ അത് പുനരുപയോഗിക്കാന്‍ കഴിയില്ലെന്ന വാദഗതികളുമായി മറ്റു ചിലരും രംഗത്തെത്തി. ഇതോടെ ഈ വിഷയം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസുവരെ ഉണ്ടായി.

തുടര്‍ന്ന് ഇവരുന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ച് പദ്ധതി നാല് വര്‍ഷത്തിനകം പൂര്‍ത്തികരിക്കണമെന്ന് ഉത്തരവ് നല്‍കി.

പദ്ധതിക്കായി തയ്യാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള വിവാദങ്ങളും അക്കാലത്ത് ഉടലെടുത്തിരുന്നു. 151.94 കോടി രൂപ വിഭാവനം ചെയ്ത പ്രൊജക്ട് റിപ്പോര്‍ട്ടില്‍ അനധികൃതമായി 247.65 കോടിരൂപ അനുവദിച്ചെന്നായിരുന്നു പ്രധാന ആരോപണം.

തുടര്‍ന്ന് 2009 ല്‍ പദ്ധതി വിഹിതം സംബന്ധിച്ച് സമഗ്ര പഠനം നടത്താനായി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലായിരുന്നു പരിശോധന ഫലം പുറത്തുവന്നത്. പിന്നീട് 2010 ല്‍ തെറ്റുകള്‍ ഒഴിവാക്കി പദ്ധതിക്കായി 188.33 കോടിരൂപയാക്കി നിശ്ചയിച്ച് സര്‍ക്കാര്‍ പുതിയ വിജ്ഞാപനമിറക്കി.

പഞ്ചായത്ത് തലത്തില്‍ 88 കോടിയും ടൗണ്‍ മേഖലയ്ക്കായി 100.33 കോടി രൂപയുമാണ് പദ്ധതി വിഹിതമായി മാറ്റിരിക്കുന്നത്.

എന്നാല്‍ ട്രയല്‍ റണ്‍ വേളയില്‍ പൈപ്പുകള്‍ നിരന്തരം പൊട്ടുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. സംഭവത്തില്‍ അഴിമതി ഉണ്ടെന്ന ആരോപണവുമായി മന്ത്രി ജി. സുധാകരനും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *