മേഴ്സിക്കുട്ടിയമ്മയുടെയും പോലീസുകാരുടെയും വീടാക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച നേതാവ്
കൊല്ലം: ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെയും പോലീസുകാരുടെയും വീടാക്രമിക്കുമെന്ന ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രി കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് ഭീഷണി. കുണ്ടറയിലെ മേഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്.
മേഴ്സിക്കുട്ടിയമ്മയും പോലീസുകാരും അവരുടെ കുടുംബാംഗങ്ങളും എവിടെയാണ് ജോലി ചെയ്യുന്നതെന്നും, കുട്ടികള്‍ എവിടെയാണ് പഠിക്കുന്നതെന്നുമുള്ള വിവരങ്ങളെല്ലാം തങ്ങളുടെ പക്കലുണ്ട്. പോലീസുകാരുടെ വീടുകളിലെത്തുമെന്നുമുള്ള തരത്തിലുള്ള ഭീഷണി സന്ദേശമാണ് ശ്യാം രാജിന്റെ ഭാഗത്തു നിന്നുണ്ടായത്. മന്ത്രി ജലീല്‍ സഞ്ചരിച്ച കാറിനു കുറുകെ വണ്ടിയിട്ട് കരിങ്കൊടി കാണിച്ചതിനും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനും യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു.
ഇതേത്തുടര്‍ന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് അതേ നാണയത്തില്‍ പ്രതികരിക്കുമെന്നാണ് ശ്യാം രാജ് പറഞ്ഞത്. അതേസമയം, യുവമോര്‍ച്ച നേതാവിന്റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും വന്നിട്ടില്ല.