KOYILANDY DIARY

The Perfect News Portal

റസാഖ് പള്ളിക്കര എഴുതിയ കവിത “മരിക്കാത്തവർ”

റസാഖ് പള്ളിക്കര എഴുതിയ കവിത
       “മരിക്കാത്തവർ”
ഇന്നലെ
മരിച്ചവരും
വർഷം തികയുമ്പോൾ
തിരിച്ചു വരും
വഴിയോരങ്ങളിലും
കവലകളിലും
ഇരുന്നവർ
മുമ്പേത്തെ പോലെ
അരിപ്രാവുകൾക്ക്
തീറ്റ കൊടുക്കും
അലക്കി തേച്ചിട്ട
മുറിയൻ
ഷർട്ട് ചുളിയാതെ
അവർ
അതെ ചിരിക്കും.
വഴിയരികിലെ 
ഇലട്രിക്ക് പോസ്റ്റും താങ്ങി
നിറഞ്ഞ്
നില്ക്കും!
കൊടികളും
ചിഹ്നങ്ങളും
അവർക്ക്
അലങ്കാര മേകും!
സ്വന്തം വീട്ടുകാർ
മറന്നാലും
മഴ മറക്കില്ല
വേനൽമറക്കില്ല
പൂക്കളും
പൂത്തുമ്പികളും
അവർക്കു
കൂട്ടായി വരും!
ഒറ്റക്കും
കൂട്ടമായും
മിണ്ടാതെ പോകുന്നവരെ
അവർ
തടഞ്ഞു നിർത്തും
എന്നിട്ട്
പുഴ പോലെ
പഴയ
ചോദ്യങ്ങൾ ചോദിക്കും
മഴ പോലെ
കരയുകയും ചെയ്യും
നിങ്ങളറിയാതെ
അവർ
നിങ്ങളുടെ
തോളിൽ കയ്യിടും
അറിയാതെ തന്ന 
നിങ്ങളുടെ
വീടുകളിലേക്കും
അവർ
പടി കയറി വരും
ഉറക്കച്ചടവോടെ
ഒരു കോട്ടുവായിടും
എന്നിട്ട്
പതുക്കെ ചോദിക്കും
തരുമോ
ഒരു കട്ടൻ ചായ
മധുരം കുറച്ചു്!
                  ✍️ റസാഖ് പള്ളിക്കര