KOYILANDY DIARY.COM

The Perfect News Portal

ജില്ലയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് ബീച്ച്‌ ആശുപത്രിയില്‍ പ്രത്യേക ക്ലിനിക്ക്

കോഴിക്കോട്: ജില്ലയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് മാത്രമായി ബീച്ച്‌ ആശുപത്രിയില്‍ പ്രത്യേക ക്ലിനിക്ക് തുടങ്ങുന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ക്ലിനിക്ക് തുടങ്ങുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ തുടങ്ങാനാണ് തീരുമാനം.

ചികിത്സ തേടിയെത്തുമ്പോള്‍ ട്രാന്‍സ്ജെന്‍ഡറാണെന്നതിന്റെ പേരില്‍ ആശുപത്രികളില്‍ അവഗണന നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പ്രത്യേക ക്ലിനിക്കെന്ന ആശയത്തിലേക്കെത്തിയത്. ആഴ്ചയില്‍ ഒരു ദിവസമായിരിക്കും ക്ലിനിക്ക് പ്രവര്‍ത്തിക്കുകയെന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്‍.എല്‍. ബൈജു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആശു​പത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

കൗമാരക്കാര്‍ക്കുള്ള ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന ഇടത്താണ് പുതിയ ക്ലിനിക്കിനുള്ള സൗകര്യം ഒരുക്കുന്നത്. ചികിത്സയ്ക്കെത്തുമ്പോള്‍ പ്രത്യേക വരി നില്‍ക്കേണ്ടതില്ല. ട്രാന്‍സ്ജെന്‍ഡറായ രോഗികള്‍ എത്തിയാല്‍ മെഡിസിന്‍ ഒ.പി.യില്‍ നിന്നുള്ള ഡോക്ടറെത്തി പരിശോധിക്കും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം വേണമെങ്കില്‍ അവരും ഇവിടെ എത്തും. തുടര്‍ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണെങ്കില്‍ പ്രത്യേക നിറത്തിലുള്ള കാര്‍ഡ് നല്‍കും. ഇതു കാണിച്ചാല്‍ അവിടെയും മുന്‍ഗണന നല്‍കും.

അതേസമയം കിടത്തിച്ചികിത്സ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക വാര്‍ഡ് ഉണ്ടാവില്ല. സാധാരണ വാര്‍ഡില്‍ തന്നെ വേണ്ട സൗകര്യം ഒരുക്കിക്കൊടുക്കും. ബീച്ച്‌ ആശു​പത്രിയിലെ ഒരു ഡോക്ടര്‍ക്കാണ് ക്ലിനിക്കിന്റെ ചുമതല. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പ്രശ്നങ്ങള്‍ വ്യക്തമാക്കാനായി ആസ്​പത്രിയിലുള്ളവര്‍ക്ക് അടുത്ത ആഴ്ച ക്ലാസ് നല്‍കും.

സംസ്ഥാനത്ത് പത്തനംതിട്ട ജില്ലാ ആശുപത്രിയിലും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇത്തരം ക്ലിനിക്ക് നടത്തുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!