താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി കുടുങ്ങി വൻ ഗതാഗതക്കുരുക്ക്
.
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി കുടുങ്ങി വൻ ഗതാഗതക്കുരുക്ക്. കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ടാങ്കർ ലോറി റോഡിന് കുറുകെ കുടുങ്ങിയാണ് ഗതാഗതം പൂർണമായി നിലച്ചത്. ചുരത്തിലൂടെയുള്ള യാത്രാസ്തംഭനം മണിക്കൂറുകളായി തുടരുകയാണ്.

ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത രീതിയിലാണ് ലോറി കുടുങ്ങിക്കിടക്കുന്നത്. ഒരാൾക്ക് നടന്നുപോകാൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണുള്ളത്. രാവിലെ 11മണിയോടെയാണ് ചുരത്തിൽ ഗതാഗതം പൂർണമായി സ്തംഭിച്ചത്. ചുരത്തിന്റെ ഇരുഭാഗത്തുമായി ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ് കിടക്കുന്നത്. മുകൾഭാഗത്തുനിന്ന് താഴേക്ക് ഇറങ്ങിവന്ന ടാങ്കർ ലോറിക്ക് ആറാം വളവ് തിരിക്കാൻ കഴിയാതെ വന്നതാണ് അപകടത്തിന് കാരണം.

റോഡിന് കുറുകെ ലോറി നിന്നതോടെ ഇരുവശത്തുനിന്നുമുള്ള വാഹനങ്ങളുടെ യാത്രയും പൂർണമായി തടസ്സപ്പെട്ടു. ഗതാഗത തടസ്സം നീക്കാൻ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്ത് പരിശ്രമം നടത്തിവരുന്നുണ്ട്. എന്നാൽ ലോറി എപ്പോൾ മാറ്റാൻ സാധിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.




