KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ മേഖലയിൽ നിര്‍മിക്കുന്ന ആദ്യ പിഎസ്എല്‍വി വിക്ഷേപണം 2027ൽ; ഐഎസ്ആര്‍ഒ

.

ന്യൂഡല്‍ഹി: സ്വകാര്യ മേഖല നിര്‍മിക്കുന്ന ഇന്ത്യയുടെ ആദ്യ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ (PSLV-N1) വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി.  നാരായണന്‍ അറിയിച്ചു. സ്റ്റാര്‍ട്ടപ്പുകളുമായും സ്വകാര്യ കമ്പനികളുമായും സഹകരിച്ച് ഉപഗ്രഹ വിക്ഷേപണങ്ങള്‍ വേഗത്തിലാക്കാനും ഐഎസ്ആര്‍ഒ പദ്ധതിയിടുന്നുണ്ട്.

 

ഡല്‍ഹിയില്‍ നടന്ന അഞ്ചാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌പേസ് കോണ്‍ഫറന്‍സിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ആന്‍ഡ് ടി, എച്ച്എഎല്‍ എന്നിവയുടെ കണ്‍സോര്‍ഷ്യത്തിന് അഞ്ച് പിഎസ്എല്‍വി റോക്കറ്റുകളുടെ നിര്‍മാണ ചുമതല നല്‍കിയിട്ടുണ്ട്. ഇതില്‍ ആദ്യ റോക്കറ്റായ പിഎസ്എല്‍വി-എന്‍1 വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അഞ്ച് റോക്കറ്റുകള്‍ നിര്‍മിക്കുന്നതിനായി ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് 2022 സെപ്റ്റംബറില്‍ കണ്‍സോര്‍ഷ്യവുമായി 860 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടിരുന്നു.

 

ആശയവിനിമയം, നാവിഗേഷന്‍, ഭൂനിരീക്ഷണം എന്നിവയ്ക്കായി കൂടുതല്‍ ഉപഗ്രഹങ്ങള്‍ നിര്‍മിക്കേണ്ടതുണ്ടെന്നും ഈ പ്രവര്‍ത്തനം സര്‍ക്കാര്‍ മേഖലയ്ക്ക് മാത്രം സാധ്യമാകില്ലെന്നും നാരായണന്‍ പറഞ്ഞു. ഐഎസ്ആര്‍ഒയും ഇന്‍സ്‌പേസും സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നുണ്ട്. ഇതിന്റെ നേട്ടങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയിലെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഒന്നില്‍ നിന്ന് 440ലധികമായി ഉയര്‍ന്നതായും നിലവില്‍ 56 ബഹിരാകാശ സംവിധാനങ്ങള്‍ ഭ്രമണപഥത്തിലുണ്ടെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര സഹകരണത്തെക്കുറിച്ച് സംസാരിക്കവേ, ഇന്ത്യ 64 രാജ്യങ്ങളുമായി സഹകരിക്കുന്നുണ്ടെന്നാണ് വി. നാരായണന്‍ പറഞ്ഞത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 34 രാജ്യങ്ങളുടെ 434 ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിച്ചിട്ടുണ്ട്. ആഗോള ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share news