KOYILANDY DIARY.COM

The Perfect News Portal

നാടക സംവിധായകനും കലാസാംസ്കാരിക പ്രവർത്തകനുമായ എം നാരായണൻ മാസ്റ്റർ (79) അന്തരിച്ചു

.

ചെങ്ങോട്ട്കാവ്: നാടക സംവിധായകനും കലാസാംസ്കാരിക പ്രവർത്തകനുമായ എം നാരായണൻ മാസ്റ്റർ (79) അന്തരിച്ചു. സംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ. എടക്കുളം വിദ്യാതരംഗിണി സ്കൂളിലെ പൂർവ്വകാല അധ്യാപകനും അറിയപ്പെടുന്ന നാടക സംവിധായകനും കലാസാംസ്‌കാരിക പ്രവർത്തകനും ചെങ്ങോട്ടുകാവ് സൈമ ലൈബ്രറിയുടെ ദീർഘകാല സാരഥിയുമെന്ന നിലയിൽ അവിസ്മരണീയ വ്യക്തിത്വത്തിനുടമയുമായിരുന്നു എം നാരായണൻ മാസ്റ്റർ.  നാടക വേദിയിലെ പുതുപരീക്ഷണങ്ങളുടെ കാലത്ത് സൈമ ലൈബ്രറി സംഘടിപ്പിച്ചിരുന്ന നാടക നിശ മലബാറിനു പുറത്തും അറിയപ്പെട്ടിരുന്നു.

അതിൻ്റെ പ്രധാന സംഘാടകനെന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. തുടർന്ന് നാടകകൃത്തും സൈമയുടെ ഭാരവാഹിയുമായിരുന്ന ജി എൻ ചെറുവാടിനൊപ്പവും, പൂക്കാട് കലാലയത്തിനു വേണ്ടിയും നാടക സംവിധായകനെന്ന നിലയിലും സംഘാടകനായും പ്രവർത്തിച്ചു. മികച്ച നാടക നടൻ കൂടിയായിരുന്നു. കെ എം രാഘവൻ നമ്പ്യാരുടെ രചനയിൽ സി പി ഐ എം നേതാവ് വിജയരാഘവനും മാവൂർ വിജയനുമൊപ്പം അരങ്ങിലെത്തി.

സൈമ ലൈബ്രറി സൂര്യപ്രഭാ പുരസ്‌കാരം, പൂക്കാട് കലാലയത്തിൻ്റെ പുരസ്‌കാരം, കെ ശിവരാമൻ മാസ്റ്റർ പുരസ്‌കാരം, ഇരിങ്ങൽ നാരായണിയുടെ സ്‌മരണയിലുള്ള പുരസ്‌കാരം എന്നിവ ലഭിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് നമിതം പുരസ്കാരവും എം നാരായണൻ മാസ്റ്റർക്ക് ലഭിക്കുകയുണ്ടായി. ഭാര്യ: ദേവി. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: ഭവിഷ, ലിൻസി. സഹോദരങ്ങൾ: കരുണൻ, ശാന്ത, ജാനകി പരേതരായ ലക്ഷ്മി, ഭാസ്കരൻ, ചാത്തുക്കുട്ടി, കൃഷ്ണൻ.

Share news