അഞ്ച് മന്ത്രിമാർ തന്നെ വേണമെന്ന് ലീഗ്; വകുപ്പുകൾ വിട്ടുകൊടുക്കില്ല: കരുനീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ് എംഎൽമാരും
.
അഞ്ച് മന്ത്രിമാർ വേണമെന്ന് ആവശ്യത്തിൽ ഉറച്ച് മുസ്ലിം ലീഗ്. വകുപ്പുകളിൽ മാറ്റം വരുത്താനും സമ്മതിക്കില്ല. രണ്ട് ദിവസത്തിനുളളിൽ മന്ത്രിമാരെ തീരുമാനിക്കും. ഇതിനിടെ മന്ത്രി സ്ഥാനത്തിനായി കരു നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് മലബാറിൽ നിന്നുളള കോൺഗ്രസ് എംഎൽഎമാർ. അഞ്ച് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം.

നേരത്തേ യുഡിഎഫ് സർക്കാരുകളിൽ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ലീഗ് നേതൃത്വം കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം മന്ത്രിമാരെ തീരുമാനിക്കും. പി കെ കുഞ്ഞാലിക്കുട്ടി, പി. കെ. ബഷീർ, എൻ ഷംസുദ്ദീൻ, കെ. എം. ഷാജി എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നവർ. കോഴിക്കോട് ജില്ലക്ക് മന്ത്രി സ്ഥാനം വേണമെന്നാവശ്യപ്പെട്ട് ജില്ലാ ലീഗ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

പാറക്കൽ അബ്‌ദുള്ള, ജില്ലാ പ്രസിഡണ്ട് റസാഖ് മാസ്റ്റർ എന്നിവരാണ് മന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്. ആബിദ് ഹുസൈൻ തങ്ങൾ, എ.കെ.എം അഷ്‌റഫ് എന്നിവരെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. അതേസമയം മലബാറിൽ നിന്നുളള കോൺഗ്രസ് എം.എൽ.എമാരും മന്ത്രി സ്ഥാനത്തിനായി കരുനീക്കങ്ങൾ ശക്തമാക്കി. സണ്ണി ജോസഫ് മന്ത്രി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ടി സിദ്ദിഖ്, കെ ജയന്ത്, വി ടി ബൽറാം, കെ. പ്രവീൺകുമാർ എന്നിവരാണ് മന്ത്രിസ്ഥാനത്തിനായി രംഗത്തുളളവർ. ഇതിൽ വി ടി ബൽറാം വി.ഡി സതീശൻ പക്ഷക്കാരനും ബാക്കിയുള്ളവർ കെ.സി. പക്ഷക്കാരുമാണ്. സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചാകും ഈ ലിസ്റ്റിൽ നിന്നും മന്ത്രിമാരെ തീരുമാനിക്കുക.



