ബിജെപി പ്രവർത്തകർ നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു.
.
കോഴിക്കോട്: പണം വാങ്ങി വോട്ട് മറിച്ചെന്ന ആരോപണം. വടകരയിൽ ബിജെപിയിലെ വിമതന്മാർക്കെതിരെയുള്ള നടപടിക്ക് പിന്നാലെ കലഹം തെരുവിലേക്ക്. നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് സി ആർ പ്രഫുൽകൃഷ്ണനെതിരെയാണ് പ്രതിഷേധം. പ്രവർത്തകർ പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചു.


ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി പി ശ്യാംരാജ് ഉൾപ്പെടെ 9 പേരെ ബിജെപി യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് നേതുത്വത്തെ പരസ്യമായി വെല്ലുവിളിച്ച് പ്രവർത്തകർ തെരുവിൽ ഇറങ്ങിയത്. വടകര നാദാപുരം നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപെട്ട് ഉടലെടുത്ത പ്രശ്നങ്ങൾക്ക് പിന്നാലെയാണ് വടകരയിൽ ബി ജെ പി യിൽ പൊട്ടിത്തെറിയുണ്ടായത്. നൂലിൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണെന്നും പഞ്ചായത്ത് ഇലക്ഷനിലും നിയമസഭാ ഇലക്ഷനിലും ഫണ്ടുകൾ തിരിമറി നടന്നിട്ടുണ്ടെന്നും വിമതർ പറഞ്ഞു.

വടകര, നാദാപുരം മണ്ഡലങ്ങളിൽ നിന്നും ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ റിബലായി പത്രിക നൽകിയ 2 പേർ ഉൾപെടെ ഒമ്പത് പേരെ കഴിഞ്ഞ ദിവസം ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. വടകരയിൽ പത്രിക നൽകിയ ശ്യാംരാജ് കുരിയാടി, നാദാപുരത്ത് കെ. പത്മ കുമാർ എന്നിവരാണ് റിബലായി പത്രിക നൽകിയത്. ഇവർക്ക് അനുകൂല നിലപാട് സ്വീകരിച്ച ബി.ജെ.പി.നേതാക്കളടക്കം 9 പേരെയാണ് സംസ്ഥാന പ്രസിഡണ്ട് പുറത്താക്കിയത്.





