ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അങ്കണവാടി കലോത്സവം ‘ശലഭം 2K26’ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: സമഗ്ര ശിശു വികസന പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ശലഭം 2K26 സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ ആഗ്നേയ ഷിബേഷ് ഉദ്ഘാടനം ചെയ്തു. കളി കളിച്ച് കഥ പറഞ്ഞ് പാട്ടുകേട്ട് പാടിപ്പാടി വരവരച്ച് കളിച്ചു പഠിക്കാൻ അവസരമൊരുക്കാൻ ശാസ്ത്രീയമായ പഠന ഒരുക്കം നടത്തുന്ന സ്നേഹാലയമാണ് അങ്കണവാടികൾ. കുട്ടികളുടെ ശാരീരിക മാനസിക ബൗദ്ധിക വളർച്ച ഉറപ്പു വരുത്തി ബാല്യത്തിലേക്കു കടക്കാനുള്ള പ്രവേശന കവാടമായി മാറിയ കലോത്സവത്തിൽ 34 അങ്കണവാടികളിൽ നിന്നായി 350ൽപരം കുട്ടികൾ കലാവിരുന്നൊരുക്കി.

ചടങ്ങിൽ ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങിയ ചേമഞ്ചേരി ഖാദി നൂൽനൂൽപ്പ് കേന്ദ്രത്തിലെ കുപ്പട നെയ്ത്തിൽ വിദഗ്‌ധരായ കമല, ശ്യാമള എന്നിവരെ ആദരിച്ചു. യോഗത്തിൽ അധ്യക്ഷത വഹിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അജയ് ബോസ് ഉപഹാരസമർപ്പണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ കബീർ, lCDS സൂപ്പർവൈസർ വിജില ഒ. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിന്ദു ഇല്ലത്ത്, ശശിധരൻ കുനിയിൽ, അഫ്സ മനാഫ് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സരീഷ് കെ.കെ, ഹാരിസ് പി, സിഡിഎസ് ചെയർ പേഴ്സൺ ആർ.പി. വത്സല, ആസൂത്രണ സമിതി അംഗങ്ങളായ ഷരീഫ് കാപ്പാട്, വാഴയിൽ ശിവദാസൻ എന്നിവർ സംസാരിച്ചു.




