KOYILANDY DIARY.COM

The Perfect News Portal

തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് രാജ്യത്തുടനീളം ആരംഭിച്ചു

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് രാജ്യത്തുടനീളം ആരംഭിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാല് തൊഴിൽ കോഡുകൾ പിൻവലിക്കുക എന്ന പ്രധാന ആവശ്യമുയർത്തിയാണ് പണിമുടക്ക് നടക്കുന്നത്. ഇതിനുപുറമെ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ കനത്ത താക്കീതായി ഈ പ്രതിഷേധത്തെ മാറ്റുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

തൊഴിലാളി സംഘടനകൾക്ക് പുറമെ കർഷക, കർഷകത്തൊഴിലാളി സംഘടനകളും മഹിളാ‍, യുവജന, വിദ്യാർഥി സംഘടനകളും പണിമുടക്കിന്‌ ഐക്യദാർഢ്യവുമായി തെരുവിലിറങ്ങും. കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരും ബാങ്ക്‌, ഇൻഷുറൻസ്‌, വൈദ്യുതി മേഖലയിലുള്ളവരും പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതോടെ രാജ്യത്തെ ബാങ്കിംഗ്, ഗതാഗത, ഉൽപ്പാദന മേഖലകളെ പണിമുടക്ക് സാരമായി ബാധിക്കുമെന്ന് ഉറപ്പായി. അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കാക്കിയിട്ടുണ്ട്

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, വൈദ്യുതി നിയമഭേദഗതി നിർദേശം പിൻവലിക്കുക, വിത്ത് ബിൽ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്. ഇൻഷുറൻസ് മേഖലയിലെ നൂറ് ശതമാനം സ്വകാര്യ പങ്കാളിത്തം ഉപേക്ഷിക്കുക, കർഷകദ്രോഹ നിയമ ഭേദഗതികൾ പിൻവലിക്കുക എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സമരസമിതി അറിയിച്ചു. വരും മണിക്കൂറുകളിൽ പണിമുടക്ക് കൂടുതൽ ശക്തമാകുന്നതോടെ കേന്ദ്ര നയങ്ങൾക്കെതിരെയുള്ള വൻ ജനകീയ പ്രതിഷേധമായി ഇത് മാറും.

Advertisements
Share news