KOYILANDY DIARY

The Perfect News Portal

സംസ്ഥാന സ്‌കൂള്‍ കായികമേള;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അഞ്ചു മുതല്‍ എട്ടു വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് സിന്തറ്റിക് ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ ആദ്യ ദിനം 18 ഫൈനലുകളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് 59ാമത് മേളയുടെ ട്രാക്കുണരുക. എല്ലാ വിഭാഗങ്ങളിലേയും 400 മീറ്റര്‍ ഓട്ടം, സീനിയര്‍ പെണ്‍കുട്ടികളുടേയും ജൂനിയര്‍ പെണ്‍കുട്ടികളുടേയും 3000 മീറ്റര്‍ ഓട്ടം, 4 100 മീറ്റര്‍ റിലേ മല്‍സരങ്ങളുടെ ഹീറ്റ്‌സ് തുടങ്ങിയവയും ആദ്യ ദിനം നടക്കും. മേളയുടെ ഉദ്ഘാടനം അഞ്ചിന് വൈകുന്നേരം 3.30ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, എം.കെ മുനീര്‍ സംബന്ധിക്കും. 95 ഇനങ്ങളിലായി 2650 കായിക താരങ്ങള്‍ നാലുദിവസങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ മാറ്റുരയ്ക്കും. മേളയില്‍ പങ്കെടുക്കാനെത്തുന്ന ആദ്യ സംഘത്തിന് കോഴിക്കോട് റെയില്‍ വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. റെയില്‍ വേ സ്റ്റേഷന്‍, മൊഫ്യൂഷ്യല്‍ ബസ് സ്റ്റാന്റ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഹെല്‍പ് ലൈന്‍ കൗണ്ടറുകളും സജ്ജീകരിക്കും. നാലിന് ജില്ലയിലെത്തുന്ന താരങ്ങള്‍ക്കു ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുളളത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. മേളയുടെ ഭക്ഷണപന്തല്‍ ക്രമീകരിച്ചിരിക്കുന്നത് ദേവഗിരി സാവിയോ സ്‌കൂളിലാണ്. സ്റ്റേഡിയത്തിന് സമീപത്തുള്ള 13 സ്‌കൂളുകളിലായാണ് കായിക താരങ്ങള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് ആരംഭിക്കുന്ന ദീപശിഖാപ്രയാണം നാലിന് ജില്ലയുടെ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ എത്തിച്ചേരും. തുടര്‍ന്ന് തൊണ്ടയാട് ജംഗ്ഷനില്‍ നിന്ന് കായിക താരങ്ങളുടെ അകമ്പടിയോടെ സ്റ്റേഡിയത്തിലെത്തുന്ന ദീപശിഖയെ ഒളിമ്പ്യന്‍ പി.ടി ഉഷ സ്വീകരിക്കും. ഉദഘാടന സമാപന ചടങ്ങുകളില്‍ കലാപ്രകടനങ്ങള്‍ സംഘടിപ്പിക്കും. 59ാമത് മേളയെ പ്രതിനിധീകരിച്ച് 59 വെള്ളരിപ്രാവുകളെ ആകാശത്തേക്ക് പറത്തും. എട്ടിനു നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാനായ മേയര്‍ വി.കെ.സി. മമ്മദ്‌കോയ, ജനറല്‍ കണ്‍വീനര്‍ ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, ജില്ലാ പഞ്ചായത്തംഗം മുക്കം മുഹമ്മദ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കമാല്‍ വരദൂര്‍, കണ്‍വീനര്‍ പി.പി. രാജന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.കെ. മുഹമ്മദ് അഷ്‌റഫ്, ടി.എച്ച്. അബ്ദുല്‍മജീദ്, വി.കെ. മൂസ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.