KOYILANDY DIARY

The Perfect News Portal

വാളല്ല എന്‍ സമരായുധം സാംസ്കാരിക പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: രാഷ്ട്രീയത്തില്‍ കൊല ചെയ്യപ്പെടുന്നത് അണികളിലെ പാവപ്പെട്ടവര്‍ മാത്രമാണെന്നും ഇവിടെ നേതാവും കോടീശ്വരനും കൊല്ലപ്പെടാറില്ലെന്നും നടന്‍ മാമുക്കോയ. ഷുഹൈബ് വധത്തെ തുടര്‍ന്ന് അരുംകൊല രാഷ്ട്രീയ ഫാസിസത്തിനെതിരെ സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി കണ്ണൂരില്‍ നടത്തിയ വാളല്ല എന്‍ സമരായുധം സാംസ്കാരിക പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എതിരു നില്‍ക്കുന്നവനെ കൊല്ലുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പരാജയമാണ്. അതിനെ യഥാര്‍ത്ഥ രാഷ്ട്രീയം എന്ന് വിളിക്കാനാവില്ല. ഒരുതരം വിഷം കലര്‍ന്ന സ്പിരിറ്റാണത്. ഇവിടെ രാഷ്ട്രീയ എതിരാളികളെ ലിസ്റ്റിട്ട് പ്ലാന്‍ ചെയ്ത് വകവരുത്തുകയാണ് ചെയ്യുന്നത്. അഭിപ്രായവും അഭിപ്രായ വ്യത്യാസവും രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ആളുകളെ കൊല്ലാന്‍ നിന്നാല്‍ ഇതെവിടെ ചെന്ന് അവസാനിക്കുമെന്നും മാമുക്കോയ കൂട്ടിച്ചേര്‍ത്തു.

സംസ്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്മാരായ യുകെ കുമാരന്‍, പി സുരേന്ദ്രന്‍, കല്‍പ്പറ്റ നാരായണന്‍, എന്‍ പി ഹാഫിസ് മുഹമ്മദ്, ബാലചന്ദ്രന്‍ വടക്കേടത്ത്, സാമൂഹ്യ വിമര്‍ശകരായ കെ വേണു, ഹമീദ് ചേന്ദമംഗലൂര്‍, പ്രൊഫ ബി മുഹമ്മദ് അഹമ്മദ് എന്നിവരും പ്രസംഗിച്ചു. ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ വരയുടെ പ്രതിരോധവും കവികളുടെ നേതൃത്വത്തില്‍ കാവ്യപ്രതിരോധവും നടത്തി. രാത്രി മെഴുകുതിരി തെളിച്ച്‌ പ്രതിഷേധവും നടന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *