KOYILANDY DIARY

The Perfect News Portal

പാര്‍ലമെന്റ്‌ സമ്മേളനത്തിന്റെ ആദ്യദിനം ബഹളമയം

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനത്തില്‍തന്നെ പ്രതിഷേധക്കൊടുങ്കാറ്റ്‌. ഭരണഘടനയില്‍ മതേതരത്വമെന്ന വാക്ക്‌ ആവശ്യമില്ലെന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ പരാമര്‍ശമാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്‌. രാജ്യത്ത്‌ എറ്റവും ദുരുപയോഗിക്കുന്ന വാക്ക്‌ മതേതരത്വമാണെന്നും അതവസാനിപ്പിക്കണമെന്നും രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. അംബേദ്‌ക്കറുടെ 125-ാം ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ചു പാര്‍ലമെന്റില്‍ ഭരണഘടനയോടുള്ള ഉത്തരവാദിത്വം എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.സെക്കുലര്‍ എന്ന വാക്കിന്റെ പരിഭാഷ മതേതരത്വമെന്നല്ല. പക്ഷനിരപേക്ഷമെന്ന്‌ ഉപയോഗിക്കണമെന്നു രാജ്‌നാഥ്‌ ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിവച്ച്‌ ആക്രമണോത്സുകശൈലിയിലാണു മന്ത്രി സംസാരിച്ചത്‌. രാവിലെ സമ്മേളനം തുടങ്ങുംമുമ്പു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സംവാദത്തിന്റെ പ്രസക്‌തി ഊന്നിപ്പറഞ്ഞ്‌ സമവായപാത സ്വീകരിച്ചെങ്കിലും ആദ്യദിനത്തില്‍ അതു പ്രതിഫലിച്ചില്ല. ഭരണഘടന സംബന്ധിച്ച ചര്‍ച്ച ഇന്നും തുടരും. ജാതിയുടെ പേരില്‍ അപമാനവും പ്രതിസന്ധികളും പലതവണയുണ്ടായപ്പോഴും ഭരണഘടനാശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്‌കര്‍ ഇന്ത്യ വിടുന്നതിനെക്കുറിച്ച്‌ ആലോച്ചിരുന്നില്ലെന്നു രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. അസഹിഷ്‌ണുത സംബന്ധിച്ച ബോളിവുഡ്‌ നടന്‍ ആമിര്‍ഖാന്റെ പരാമര്‍ശം സൂചിപ്പിച്ചായിരുന്നു ഈ പരാമര്‍ശം. ഇതു പ്രതിപക്ഷബഹളത്തിനിടയാക്കി.