KOYILANDY DIARY

The Perfect News Portal

ദിലീപ് രണ്ടാം പ്രതി; കൂട്ട ബലാത്സംഗം, ഗൂഢാലോചനയടക്കം ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം പൊലീസ് അടുത്ത മാസം സമര്‍പ്പിക്കും. ദിലീപിനെ രണ്ടാം പ്രതിയാക്കിയാകും കുറ്റപത്രം സമര്‍പ്പിക്കുക. ഗൂഢാലോചന, കൂട്ടമാനഭംഗം ഉള്‍പ്പടെ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ദിലീപിനെതിരെ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഉള്‍പ്പടെ ഒന്‍പതോളം വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാകും കുറ്റപത്രം സമര്‍പ്പിക്കുക.

നടിയെ പീഡിപ്പിക്കാനും പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും നിര്‍ദ്ദേശം നല്‍കിയത് ദിലീപാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. നിലവില്‍ ദിലീപ് 11ാം പ്രതിയാണ്. അനുബന്ധ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയാകും. പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസില്‍ ആദ്യ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. പള്‍സര്‍ സുനി ഉള്‍പ്പടെ 7 പേരെ പ്രതിചേര്‍ത്താണ് അന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *