KOYILANDY DIARY

The Perfect News Portal

ആനപ്പാപ്പാനാകാൻ മോഹം: വീട് വിട്ടിറങ്ങിയ വിദ്യാർഥികളെ കണ്ടെത്തി

കുന്നംകുളം: ആനപ്പാപ്പാനാകാൻ മോഹം: വീട് വിട്ടിറങ്ങിയ വിദ്യാർഥികളെ കണ്ടെത്തി. പഴഞ്ഞിയിൽ നിന്ന് കാണാതായ മൂന്നു സ്‌കൂൾ വിദ്യാർഥികളെ തെച്ചിക്കോട്ടുകാവിൽ നിന്ന് കണ്ടെത്തി. പഴഞ്ഞി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളായ അയിനൂര്‍ തൈവളപ്പില്‍ വീട്ടില്‍ അനീഷിന്റെ മകന്‍ 8-ാം ക്ലാസ് വിദ്യാർഥി അരുണ്‍ (13), അരുവായി തറയില്‍  പ്രദീപിന്റെ മകന്‍ അതുല്‍ കൃഷ്‌ണ, (14), അയിനൂര്‍ മഠത്തിപറമ്പില്‍  മനോജിന്റെ മകന്‍ അതുല്‍ കൃഷ്‌ണ (14) എന്നിവരെയാണ് വ്യാഴാഴ്‌ച വൈകിട്ടോടെ കാണാതായത്.

സ്‌കൂൾ വിട്ട് മൂന്നു പേരും വീട്ടിലെത്തിയിരുന്നു. പിന്നീട് ട്യൂഷ്യന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ആനപാപ്പാന്മാർ ആകുക എന്ന ഉദ്ദേശത്തോടെ കത്തും എഴുതിവച്ചാണ് ഇവർ സ്ഥലം  വിട്ടിരുന്നത്.

ഏറെ ആരാധകരുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കൊമ്പനെ നിർത്തിയിട്ടിരുന്ന ഇടത്തെത്തി തങ്ങളെ പാപ്പാന്മാർ ആക്കുമോ എന്ന് അന്വേഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഈ മേഖലയിൽ  ഉൾപ്പെടെ അന്വേഷിച്ചിരുന്നെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.

Advertisements

പിന്നീട് നാട്ടുകാരും പൊലീസും സംഘങ്ങളായി  ജില്ലയിലെ പല ഭാഗത്തും കെഎസ്ആർടിസി കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കുട്ടികളെ അന്വേഷിച്ചിരുന്നെങ്കിലും ഫലം ഉണ്ടായില്ല. പുലർച്ചയോടെ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്ര മൈതാനിയിൽ   നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.