KOYILANDY DIARY

The Perfect News Portal

പാവങ്ങാട് – പുതിയാപ്പ റെയിൽവേ 
മേൽപ്പാലം പ്രവൃത്തിക്ക് ഇനി വേഗം കൂടും

പാവങ്ങാട് – പുതിയാപ്പ റെയിൽവേ 
മേൽപ്പാലം പ്രവൃത്തിക്ക് ഇനി വേഗം കൂടും.. പ്രവൃത്തിക്കെതിരെ ഒരു ഇടപെടലും നടത്താത്ത എം.കെ. രാഘവൻ എം.പി.ക്കെതിരെ പ്രതിഷേധം പുകയുന്നു.  ജില്ലയിലെ പ്രധാന തുറമുഖത്തിലൊന്നായ പുതിയാപ്പയിൽനിന്ന്‌ വേഗത്തിൽ ദേശീയപാതയിലേക്ക് എത്താവുന്ന പാവങ്ങാട്-പുതിയാപ്പ മേൽപ്പാലം പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്‌ നീങ്ങുകയണ്. ജനങ്ങളുടെ യാത്രാപ്രശ്നം കണക്കിലെടുത്ത്‌ സംസ്ഥാന സർക്കാരുകളാണ് ഇക്കാര്യത്തിൽ എല്ലാ ഇടപെടലും നടത്തിയത്.
കേന്ദ്ര സർക്കാരിന്റേതായ ഒരു രൂപപോലും ലഭ്യമാക്കുകയോ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന്റെ കെട്ടിടം മാറ്റാനോ തയ്യാറാകാത്ത് എം.കെ  രാഘവൻ എംപി മേൽപ്പാലത്തിന്റെ നിർമാണത്തിന് താനാണ് മുൻകൈയെടുത്തതെന്ന വാദവുമായി രംഗത്തെത്തിയത്‌ ജനങ്ങളിൽ അതൃപ്‌തിയുണ്ടാക്കി. കേന്ദ്രസർക്കാരിന്റെയും എംപിയുടെയും കെടുകാര്യസ്ഥതയാണ്‌ 1990ൽ തുടങ്ങിയ പദ്ധതി ഇപ്പോഴും പൂർത്തിയാവാത്തതിന്‌ കാരണം.
Advertisements
എം ദാസൻ എംഎൽഎ ആയിരിക്കുമ്പോഴാണ് റെയിൽവേക്ക് വഴി ലഭിക്കുന്നതിന് 6 ലക്ഷം രൂപ അടച്ച് അനുമതിനേടിയത്. പിന്നീട് വീണ്ടും 30 ലക്ഷംകൂടി അടച്ച് സംസ്ഥാന സർക്കാർ റെയിൽവേ ഗേറ്റിന് ശ്രമിച്ചു. പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാരാണ് മുൻ സർക്കാരിന്റെ കാലത്ത് നേടിയ അനുമതിയുടെ ഭാഗമായി മേൽപ്പാലം നിർമാണത്തിന് പണം വകയിരുത്തിയത്. സമീപനറോഡ് ഏറ്റെടുക്കുന്നതിനുപോലും ധാരണയില്ലാതെയായിരുന്നു നിർമാണ പ്രവൃത്തി. ഇതോടെ സമീപ റോഡിന് സ്ഥലം വിട്ടുകൊടുക്കേണ്ടവർ കോടതിയെ സമീപിച്ചു. നിർമാണം റെയിൽവേ പാളത്തിന് മുകളിൽ മാത്രമായി നിർത്തിവയ്‌ക്കേണ്ടിവന്നു. അന്നത്തെ എംഎൽഎമാരായിരുന്ന എ പ്രദീപ് കുമാറും എ കെ ശശീന്ദ്രനുമാണ് പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിനുൾപ്പെടെയുള്ള നിയമനടപടികളിൽ സർക്കാരിന്റെ ശ്രദ്ധപതിപ്പിച്ചത്‌.
ഒന്നാം പിണറായി സർക്കാർ വേഗത്തിൽ കാര്യങ്ങൾ നീക്കി. സംസ്ഥാന സർക്കാർ എല്ലാ രേഖകളും തയ്യാറാക്കി കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ സമീപിച്ചു. ബിപിസിഎല്ലിന്റെ ഭൂമിയടക്കം സർക്കാർ ഇപ്പോൾ കോടതി മുഖാന്തരം ഏറ്റെടുക്കുകയാണ്. രണ്ടാഴ്‌ചക്കകം ഏറ്റെടുക്കൽ പൂർത്തിയാകും. ആവശ്യമായ നഷ്ടപരിഹാര തുക സംസ്ഥാനസർക്കാർ കോടതിക്ക് കൈമാറി. 49.4 സെന്റ് ഭൂമിയുടെ 36 ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകി ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. ബിപിസിഎൽ കെട്ടിടമുൾപ്പെടെ 5 പേരുടെ ഭൂമിയിലായിരുന്നു തർക്കം. 5.88 സെന്റ് ഭൂമി മറ്റുള്ളവർ കൈമാറിയെങ്കിലും ബിപിസിഎല്ലിന്റെ ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് പണം കോടതിയിൽ നൽകി ഏറ്റെടുക്കൽ നടത്തുന്നത്.