KOYILANDY DIARY

The Perfect News Portal

ഷെഹ്‌ല പാമ്പു കടിയേറ്റ് മരിച്ച സംഭവം: വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാർച്ചിൽ സംഘർഷം

കല്‍പ്പറ്റ: ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ഥി സംഘടനകള്‍. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, എ. ഐ.എസ്.എഫ്‌ എന്നീ സംഘടനകള്‍ സമരവുമായി വയനാട് കളക്ടറേറ്റിലെത്തി. എസ്.എഫ്.ഐ, കെ.എസ്.യു മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ആദ്യം എത്തിയത്. കളക്ടറേറ്റിന്റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവര്‍ത്തകര്‍ അകത്തു കടക്കുകയായിരുന്നു. ഇവരെ തടയാന്‍ ആവശ്യത്തിന് പോലീസുണ്ടായിരുന്നില്ല.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു പിന്നാലെയാണ്  എസ്.എഫ്.ഐ പ്രവര്‍ത്തകരെത്തിയത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവര്‍ത്തകരെ പോലീസ് പുറത്താക്കി. സ്‌കൂള്‍ പി.ടി.ഐ. പിരിച്ചുവിടണമെന്ന എസ്. എഫ്.ഐയുടെ ആവശ്യം ഡി.ഡി.ഇ. അംഗീകരിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുന്നതായി എസ്. എഫ്.ഐ. നേതൃത്വം അറിയിച്ചു.

Advertisements

എസ്.എഫ്.ഐയുടെ പ്രതിഷേധത്തിനു പിന്നാലെ കെ.എസ്.യു പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. കളക്ടറേറ്റില്‍ കടന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫീസിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു. ബുധനാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ക്ലാസ് മുറിയില്‍നിന്ന് പാമ്പു കടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാത്തതാണ് മരണത്തിന് കാരണമായത്. ഷെഹ്‌ലയുടെ മരണത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *