KOYILANDY DIARY.COM

The Perfect News Portal

ശിരസ്സു കുനിച്ചല്ല, അഭിമാനബോധത്താല്‍ ശിരസ്സുയര്‍ത്തിയാണ് നാട് എസ്‌എഫ്‌ഐയെ കാണുന്നത്-കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടും എസ്‌എഫ്‌ഐക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍.

എസ് എഫ് ഐ അഭിമാനമാണ്. ഇടനെഞ്ചില്‍ തുടിക്കുന്ന വികാരമാണ്. ഒരു നാടിന്റെ പ്രതീക്ഷയാണ്. ലജ്ജാ ഭാരം കൊണ്ട് ശിരസ്സു കുനിച്ചല്ല, അഭിമാനബോധത്താല്‍ ശിരസ്സുയര്‍ത്തിയാണ് ഈ നാട് എസ്‌എഫ്‌ഐയെ കാണുന്നതെന്ന്’ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഏതായാലും എസ് എഫ് ഐയെ മാത്രം നന്നാക്കണം എന്ന ഇത്തരക്കാരുടെ പ്രത്യേക താല്പര്യത്തിനുള്ള നന്ദി അറിയിക്കുന്നു. അക്രമം നടത്തുന്നവരല്ല, തങ്ങളാണ് യഥാര്‍ത്ഥ എസ് എഫ് ഐ എന്ന് ആ കലാലയത്തിലെ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു.

എസ് എഫ് ഐ എന്ന സംഘടന പകര്‍ന്നു നല്‍കുന്ന ധൈര്യവും നിര്‍ഭയത്വവുമാണ് ശരിയായ പക്ഷത്തു നിന്ന് നിലപാടെടുക്കാന്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള അക്കൂട്ടരെ പ്രാപ്തരാക്കുന്നത്. അവര്‍ കൂടുതല്‍ കരുത്തോടെ എസ് എഫ് ഐയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നു എന്നത് ഏറ്റവും അഭിമാനകരമാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു

Advertisements

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

ഒരു മുന്‍ SFI ക്കാരനാണ് ഇതെഴുതുന്നത്. സര്‍ഗാത്മകതയുടെയും സൗഹൃദങ്ങളുടെയും പോരാട്ടങ്ങളുടെയും നിലയ്ക്കാത്ത ഓര്‍മ്മകളെ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ലക്ഷങ്ങളിലൊരാള്‍.

SFI ക്കെതിരെയാണ് ഇപ്പോള്‍ കേരളത്തിലെ വലതുപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കുറച്ചു വിദ്യാര്‍ഥികളുടെ ചെയ്തികള്‍ ചൂണ്ടിക്കാട്ടി കേരളത്തിലെ ഇടതുപക്ഷത്തെയും അര നൂറ്റാണ്ടുകാലമായി വിദ്യാര്‍ത്ഥിയുടെ ശബ്ദമായി തുടരുന്ന എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെയും തകര്‍ക്കാനുള്ള പരിശ്രമം അവര്‍ കൊണ്ടു പിടിച്ചു നടത്തുകയാണ്.
RSS- BJP ക്കാര്‍ക്കും കോണ്‍ഗ്രസിനും ഒരേ ഭാഷയും ശബ്ദവുമാണ് പതിവുപോലെ ഈ വിഷയത്തിലും.

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവം ഒരിക്കലും ന്യായീകരിക്കപ്പെട്ടിട്ടില്ല. ആ സംഭവത്തിലെ പ്രതികള്‍ അറസ്റ്റിലായിക്കഴിഞ്ഞിരിക്കുന്നു.
സംഘടനയില്‍ നിന്നും അവരെ പുറത്താക്കിയിരിക്കുന്നു. കോളേജ് യൂണിറ്റ് കമ്മിറ്റി തന്നെ പിരിച്ചു വിട്ടിരിക്കുന്നു. അക്രമം നടത്തുന്നവരല്ല, തങ്ങളാണ് യഥാര്‍ത്ഥ എസ് എഫ് ഐ എന്ന് ആ കലാലയത്തിലെ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. എസ് എഫ് ഐ എന്ന സംഘടന പകര്‍ന്നു നല്‍കുന്ന ധൈര്യവും നിര്‍ഭയത്വവുമാണ് ശരിയായ പക്ഷത്തു നിന്ന് നിലപാടെടുക്കാന്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള അക്കൂട്ടരെ പ്രാപ്തരാക്കുന്നത്. അവര്‍ കൂടുതല്‍ കരുത്തോടെ എസ് എഫ് ഐയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നു എന്നത് ഏറ്റവും അഭിമാനകരമാണ്.

യൂണിവേഴ്‌സിറ്റി കോളേജിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെ പക്ഷത്താണ് കേരളത്തിലെ എസ് എഫ് ഐ എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അതൊന്നും കാണാതെ, എങ്ങനെ ഈ പ്രശ്‌നത്തിന്റെ മറവില്‍ എസ് എഫ് ഐ യെ സംഹരിച്ചു കളയാം എന്ന പരിശ്രമം നടത്തുകയാണ് Cong-RSS കാരും ഒരു കൂട്ടം മാധ്യമങ്ങളും. ഇടതുപക്ഷ കൂട്ടായ്മകളെ അതി സമര്‍ത്ഥമായ മീഡിയ മാനേജ്‌മെന്റ്റിലൂടെ തകര്‍ക്കുക എന്ന ബിജെപിയുടെ ലക്ഷ്യത്തിന് കോണ്‍ഗ്രസും ചൂട്ടു പിടിച്ചു കൊടുക്കുന്നു.

KSU വും RSS- ABVP- SDPI ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകളും കൂടി നാളിതുവരെ കേരളത്തില്‍ കൊന്നു തള്ളിയത് 33 എസ് എഫ് ഐ നേതാക്കളെയാണ്. കേരളത്തിന്റെ ക്യാമ്ബസുകളില്‍ KSU എന്ന ക്രിമിനല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നില നിന്നിരുന്ന ഗുണ്ടാരാജിനെ ചെറുത്തു തോല്‍പ്പിച്ചാണ് ക്യാമ്ബസുകളില്‍ എസ് എഫ് ഐ തരംഗം തീര്‍ത്തത്.
ഇന്നും കേരളത്തിലെ മഹാഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ എസ് എഫ് ഐയുടെ
ഒപ്പമാണ് എന്നതിന് കലാലയ യൂണിയന്‍ തെരഞ്ഞെടുപ്പു ഫലങ്ങള്‍ സാക്ഷ്യം പറയുന്നു. വിദ്യാഭ്യാസ കച്ചവടക്കാരുടെയും വര്‍ഗീയവാദികളുടെയും കണ്ണിലെ ഏറ്റവും വലിയ കരടും എസ് എഫ് ഐ തന്നെയാണ്.

പരസ്പരം തല്ലുകയും കുത്തുകയും ചെയ്യുന്ന കെ എസ് യു ക്കാരുടെ വാര്‍ത്തകള്‍ പത്രത്തിന്റെ അകം പേജുകളിലെ ചെറിയ കോളങ്ങളില്‍ ഇടയ്ക്കിടെ കാണാറുണ്ട്. ഒരാഴ്ച മുന്‍പ് ധനുവച്ചപുരം കോളേജില്‍ എബിവിപിക്കാര്‍ സോഡാക്കുപ്പി കൊണ്ട് എസ് എഫ് ഐ വനിതാ നേതാവിന്റെ ഉള്‍പ്പെടെ തല തല്ലിത്തകര്‍ത്തതും സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. ഈ അക്രമങ്ങള്‍ കാട്ടിയവരെ അവരുടെ സംഘടനകള്‍ പുറത്താക്കിയോ എന്ന പരിശോധന ഏതെങ്കിലും മാധ്യമങ്ങള്‍ നടത്തിയുണ്ടോ എന്നറിയില്ല. ഏതായാലും എസ് എഫ് ഐയെ മാത്രം നന്നാക്കണം എന്ന ഇത്തരക്കാരുടെ പ്രത്യേക താല്പര്യത്തിനുള്ള നന്ദി അറിയിക്കുന്നു.

സംഘടനയുടെ മൂല്യ ബോധവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ നടപടികള്‍ ആണ് എസ് എഫ് ഐ നേതൃത്വം ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളത്.
സംസ്ഥാനമൊട്ടാകെയുള്ള SFI സംഘടനാ സംവിധാനത്തില്‍ അനഭിലഷണീയമായ എന്തെങ്കിലും പ്രവണതകള്‍ ഉണ്ടെങ്കില്‍ അതും കണ്ടെത്തി പരിഹരിക്കാന്‍ അവര്‍ തയ്യാറാകണം. തിരുത്തലുകളും തുടര്‍ നടപടികളുമാണ് ഒരു സംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നത്.

എസ് എഫ് ഐ അഭിമാനം ആണ്.
ഇടനെഞ്ചില്‍ തുടിക്കുന്ന വികാരമാണ്. ഒരു നാടിന്റെ പ്രതീക്ഷയാണ്.
ലജ്ജാ ഭാരം കൊണ്ട് ശിരസ്സു കുനിച്ചല്ല, അഭിമാനബോധത്താല്‍ ശിരസ്സുയര്‍ത്തിയാണ് ഈ നാട് SFI യെ കാണുന്നത്.

(അഖിലിന്റെ അച്ഛനെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച ചിത്രങ്ങളാണ് പോസ്റ്റിനൊപ്പം . എസ് എഫ് ഐക്കും ഈ നാട്ടിലെ പൊരുതുന്ന ഇടതുപക്ഷത്തിനുമൊപ്പം അവരെല്ലാം പൂര്‍വാധികം കരുത്തോടെയുണ്ട്. പല രീതിയില്‍ മാധ്യമങ്ങള്‍ കിണഞ്ഞു ശ്രമിച്ചിട്ടും എസ് എഫ് ഐയാണ് ശരി എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ട് അവര്‍. അവര്‍ക്കൊപ്പമുണ്ട് കേരളത്തിലെ പുരോഗമനപക്ഷം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

 

 

 

 

Share news

Leave a Reply

Your email address will not be published. Required fields are marked *