KOYILANDY DIARY.COM

The Perfect News Portal

27 പെണ്‍കുട്ടികളെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മൂന്നുവര്‍ഷം പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോട്ടയം: പ്രണയം നടിച്ച്‌ 27 വിദ്യാര്‍ഥിനികളെ വശീകരിച്ച്‌ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം കല്ലറ മറ്റം ജീതുഭവനില്‍ ജിന്‍സു(24)വാണ് അറസ്റ്റിലായത്.

ജില്ലയിലെ ഒരു സ്‌കൂളിലെ പ്രധാനാധ്യാപക നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിനികളടക്കം ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥിനിയെ യൂണിഫോമില്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ ഒരാളോടൊപ്പം കണ്ടതായി അധ്യാപികയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ‘ഓപ്പറേഷന്‍ ഗുരുകുലം’ പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററിന് കൈമാറി.

Advertisements

തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പൊലീസ് നിരീക്ഷിച്ചുവരുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റിങ്ങുകളും കണ്ടെടുത്തു. രക്ഷിതാക്കളെ വിളിച്ചുവരുത്തി പൊലീസ് കാര്യങ്ങള്‍ ധരിപ്പിച്ചതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്നും പിന്മാറി.

ഇത്തരം ചതിക്കുഴികളെക്കുറിച്ച്‌ പെണ്‍കുട്ടിക്ക് കൂടുതല്‍ അറിവു പകരുന്നതിനിടയിലാണ് തന്റെ കൂട്ടുകാരിയും കെണിയില്‍പ്പെട്ടിരിക്കുകയാണെന്ന വിവരം പൊലീസിന് കൈമാറിയത്. തുടര്‍ന്ന് നടത്തിയ കൗണ്‍സലിംഗിലാണ് ജിന്‍സുവിനെക്കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

ജിന്‍സുവിനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പ്രണയമായി. ഇയാളോടൊന്നിച്ച്‌ എടുത്ത ഫോട്ടോ പിന്നീട് ഫേസ്ബുക്കില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങളെടുത്തു. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് ഇരയാക്കി. ഇതും മൊബൈലില്‍ ചിത്രീകരിച്ച്‌ പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു.

മുപ്പതോളം വിദ്യാര്‍ഥിനികളുടെ നഗ്‌നഫോട്ടോകളും വീഡിയോദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. വേറെയും പെണ്‍കുട്ടികള്‍ ഇയാളുടെ ചതിയില്‍പ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്.

ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികളിലാണ് പൊലീസ്. ചതിയില്‍ അകപ്പെട്ട വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കളില്‍നിന്നും പരാതി ലഭ്യമാക്കാന്‍ ശ്രമം നടത്തുകയാണെന്ന് ജില്ലാ പൊലീസ് ചീഫ് ഹരിശങ്കര്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *