ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്
.
ലൈംഗിക പീഡനക്കേസിലെ പ്രായപൂർത്തിയാകാത്ത ഇരയുടെ പേര് വെളിപ്പെടുത്തിയ കുറ്റത്തിന് ബിജെപി നേതാവും, വട്ടിയൂർക്കാവ് കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശ്രീലേഖയുടെ യൂട്യൂബ് ചാനലിലൂടെ ഇരകളുടെ പേരുകൾ പുറത്ത് വിട്ടുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് പരാതി പോലീസിന് കൈമാറിയത്. തുടർന്ന് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തൽ, പ്രായപൂർത്തിയാകാത്ത ഇരയുടെ പേര് വെളിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവിൽ റൈറ്റ്സ് ആൻഡി സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ ജയചന്ദ്രൻ നൽകിയ പരാതിയിന്മേലാണ് നടപടി. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നിരവധി പീഡനക്കേസിലെ ഇരകളുടെ പേരും മറ്റ് വിവരങ്ങളും പരസ്യമാക്കി എന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. കിളിരൂർ, കവിയൂർ കേസുകൾ, നിർഭയ കേസ്, ഗോവിന്ദ ചാമി കേസ് തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ പുറത്ത് വിട്ടതായും പരാതിയിൽ പറയുന്നു.




