പതിനഞ്ചുകാരിയെ പ്രണയം നടിച്ച് വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് പിടിയിൽ

എലത്തുർ: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവിനെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. തലക്കുളത്തൂർ അന്നശ്ശേരി തട്ടാംവള്ളി മീത്തൽ അക്ഷയ് (29) ആണ് പിടിയിലായത്. പീഡനത്തിനുശേഷം വിവിധ ജില്ലകളിൽ ഒളിവിൽ താമസിച്ച പ്രതി കേരളത്തിനു പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്.

സൈബർ പോലീസിന്റെ സഹായത്തോടെ എലത്തൂർ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിൽ നിന്ന് പ്രതിയെ പിടികൂടിയത്. അസി. സബ് ഇൻസ്‌പെക്ടർ ദീപ്തീഷ്, സിപിഒ അതുൽ, ഹോംഗാർഡ് മഹേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മൂന്ന് വർഷം മുമ്പ് നഗരത്തിലെ സ്‌കൂൾ വിദ്യാർത്ഥിനിയെ മയക്കുമരുന്നു നൽകി ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയാണ് ഇയാൾ വീണ്ടും പീഡനം നടത്തിയത്.

