KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര: പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതപദ്ധതി പണി ഈ മാസം തുടങ്ങുന്നത് പരിഗണനയില്‍. ഇതിന് മുന്നോടിയായി സ്ഥലത്തെ ഭൂമിയുടെ ലവല്‍ പരിശോധന നടന്നു.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. പവര്‍ഹൗസ് നിര്‍മിക്കാന്‍ എത്ര മണ്ണ് എടുക്കണമെന്നാണ് പരിശോധിക്കുന്നത്. കൂടുതല്‍ മണ്ണെടുക്കാനുണ്ടെങ്കില്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ അനുമതി വേണം.

പദ്ധതിയുടെ പ്രധാന ഭാഗമായ പവര്‍ഹൗസ് നിര്‍മാണത്തിനായി 0.507 ഹെക്ടര്‍ സ്വകാര്യസ്ഥലം ഏറ്റെടുത്തിട്ടുണ്ട്. പെരുവണ്ണാമൂഴി- കടിയങ്ങാട് റോഡരികില്‍ താഴത്തുവയല്‍ ഭാഗത്താണിത്.

ആഗസ്ത് അവസാനം മുഖ്യമന്ത്രിയെക്കൊണ്ട് നിര്‍മാണം ഉദ്ഘാടനംചെയ്യിക്കാനായിരുന്നു നേരത്തേയുള്ള ആലോചന. എന്നാല്‍, മുഖ്യമന്ത്രി ജില്ലയിലെത്തിയ ദിവസം കൂടുതല്‍ പരിപാടികള്‍ വന്നതോടെ സമയം ലഭിച്ചില്ല.

ഇതിനുശേഷം ഒരു മാസം പിന്നിട്ടു. ഇതോടെ ഒക്ടോബറില്‍ത്തന്നെ പ്രവൃത്തികള്‍ തുടങ്ങാനാണ് ധാരണ. 39.38 കോടി രൂപയ്ക്കാണ് പവര്‍ഹൗസ് നിര്‍മാണമടക്കമുള്ള സിവില്‍ പ്രവൃത്തികള്‍ കരാര്‍ നല്‍കിയത്. 77.53 കോടി രൂപയാണ് ആകെ ചെലവ്.

ആറ് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയില്‍നിന്ന് പ്രതിവര്‍ഷം 24.7 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. പെരുവണ്ണാമൂഴി ഡാമിലെ വെള്ളം ഉപയോഗിച്ചാണ് ഉത്പാദനം നടത്തുക. എറണാകുളത്തെ പൗലോസ് ജോര്‍ജ് കണ്‍സ്ട്രക്ഷന്‍ കമ്ബനിയാണ് കരാറുകാര്‍. മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് കരാര്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!