KOYILANDY DIARY

The Perfect News Portal

സൈനിക ഓഫീസര്‍മാര്‍ക്ക‌് ഉയര്‍ന്ന വേതനം: ശുപാര്‍ശ കേന്ദ്രം തള്ളി

ഡല്‍ഹി: കരസേനയിലെ ജൂനിയര്‍ കമീഷന്‍ഡ‌് ഓഫീസര്‍മാരുടെയും(ജെസിഒ) നാവിക, വ്യോമ സേനകളില്‍ തത്തുല്യ തസ‌്തികകളില്‍ സേവനം അനുഷ‌്ഠിക്കുന്നവരുടെയും സൈനികസേവന വേതനം (എംഎസ‌്പി) ഉയര്‍ത്തണമെന്ന ശുപാര്‍ശ ധനമന്ത്രാലയം തള്ളി. ഒരു ലക്ഷത്തോളം സൈനിക ഓഫീസര്‍മാരുടെ ദീര്‍ഘകാലമായുളള ആവശ്യമാണ‌് നിഷേധിക്കപ്പെട്ടത‌്. തീരുമാനം പുനഃപരിശോധിക്കണമെന്ന‌് സര്‍ക്കാരിനോട‌് ആവശ്യപ്പെടുമെന്ന‌് കരസേന വ്യക്തമാക്കി.

പ്രതിമാസ എംഎസ‌്പി 5,500 രൂപയില്‍നിന്ന‌് 10,000 രൂപയായി ഉയര്‍ത്തണമെന്നതായിരുന്നു ആവശ്യം. പ്രതികൂല സാഹചര്യങ്ങളില്‍ ദുഷ‌്കരമായ ജോലികളില്‍ ഏര്‍പ്പെടുന്നത‌് പരിഗണിച്ചാണ‌് സൈനികര്‍ക്ക‌് എംഎസ‌്പി നല്‍കുന്നത‌്. ജവാന്മാര്‍ക്ക‌് നല്‍കുന്ന തോതിലുള്ള എംഎസ‌്പി തന്നെ ജെസിഒമാര്‍ക്കും നിശ‌്ചയിച്ചിരിക്കുന്നത‌് ശരിയല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ‌് ഇവര്‍ക്ക‌് ഉയര്‍ന്ന എംഎസ‌്പി ശുപാര്‍ശ ചെയ‌്തത‌്.

നിലവില്‍ കരസേനയില്‍ 87,646 ജെസിഒമാരും നാവിക,വ്യോമ സേനകളില്‍ സമാനപദവിയില്‍ ജോലിചെയ്യുന്ന 25,434 പേരുമാണുള്ളത‌്. ഈ വിഭാഗത്തിനു ഉയര്‍ന്ന എംഎസ‌്പി നല്‍കിയാല്‍ സര്‍ക്കാരിനു പ്രതിവര്‍ഷം 610 കോടി രൂപയുടെ അധികസാമ്ബത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്ന‌് ധനമന്ത്രാലയം പറയുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *